ചരിത്രമറിയാത്തവർക്ക് മറുപടിയില്ല, അറിവില്ലാത്തവരുടെ പരിഹാസം അവഗണിക്കുന്നു; സിപിഎം സൈബര്‍ ആക്രമണത്തിന് മറുപടിയുമായി കെ. സച്ചിദാനന്ദന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കാതിരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായ പ്രകടനത്തിനു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി പ്രമുഖ സാഹിത്യകാരന്‍ കെ. സച്ചിദാനന്ദന്‍. അദൃശ്യമാക്കപ്പെട്ടവരുടെ ശബ്ദമാകുക എന്നതാണ് യഥാർഥ ജനാധിപത്യമെന്നും, ആ ലക്ഷ്യത്തോടുള്ള തന്‍റെ പ്രതിബദ്ധത മാറ്റമില്ലാതെ തുടരുമെന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സമകാലിക മാർക്സിസ്റ്റ് ചിന്തകൻ ജാക്വസ് റാൻസിയറുടെ ദർശനങ്ങൾ മുൻനിർത്തി ജനാധിപത്യത്തിന്‍റെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങളെക്കുറിച്ച് താൻ ഉയർത്തുന്ന ഗൗരവകരമായ ചർച്ചകളെ ലളിതവൽക്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സൈബർ ഇടങ്ങളിലെ നിലപാടിനെ സച്ചിദാനന്ദന്‍ രൂക്ഷമായി വിമർശിച്ചു.

ഫാസിസത്തിനും ടോട്ടലിറ്റേറിയനിസത്തിനുമുള്ള ഏക മരുന്നായി റാൻസിയർ മുന്നോട്ടുവെക്കുന്ന ‘സബ് ആൾട്ടേൺ ജനാധിപത്യം’ എന്ന ആശയമാണ് തന്‍റെ വഴികാട്ടി. തൊഴിലാളികൾ, കർഷകർ, ദളിതർ, ലൈംഗിക-മത ന്യൂനപക്ഷങ്ങൾ എന്നിവരുടെ ശാക്തീകരണത്തിലൂടെ മാത്രമേ മാർക്സിസത്തിന് ഇന്ന് പ്രസക്തിയുള്ളൂ. എന്നാൽ പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരാക്കുന്ന വികസന മാതൃകകളിലൂടെ ഉപരിമധ്യവർഗത്തെ പ്രീണിപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയാത്തവരാണ് തനിക്കെതിരെ സൈബർ ആക്രമണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

താൻ ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾ കേവലം വായനയിലൂടെ ലഭിച്ചതല്ലെന്നും മറിച്ച് ദശാബ്ദങ്ങൾ നീണ്ട സമരപോരാട്ടങ്ങളുടെ ബാക്കിപത്രമാണെന്നും സച്ചിദാനന്ദന്‍ ഓർമ്മിപ്പിച്ചു. അടിയന്തരാവസ്ഥ കാലത്ത് തൊഴിലാളികളുടെയും ഗോത്രവർഗക്കാരുടെയും സമരങ്ങളിൽ പങ്കെടുത്തതിന് രണ്ടുതവണ ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ട്.

1985 മുതൽ തന്നെ രാജ്യത്ത് ഫാസിസത്തിന്‍റെ വരവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്ന താൻ, ഡൽഹിയിലെ കർഷക-സ്ത്രീ-ന്യൂനപക്ഷ പോരാട്ടങ്ങളിലും സജീവമായിരുന്നു. എം.എം. കൽബുർഗി കൊല്ലപ്പെട്ടപ്പോൾ സാഹിത്യ അക്കാദമിയിൽ നിന്ന് രാജി വെച്ചുകൊണ്ട് പ്രതിഷേധിക്കാൻ താൻ മടിച്ചില്ല. ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്നത്തെ രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ, സ്വന്തം പ്രവർത്തന ചരിത്രം അറിയാത്തവരാണ് തന്നെ പരിഹസിക്കുന്നത്.

താൻ ഇന്നുവരെ ആരുടെയും മുന്നിൽ സ്ഥാനമാനങ്ങൾക്കോ അംഗീകാരങ്ങൾക്കോ വേണ്ടി കൈനീട്ടിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ചു വ്യത്യസ്ത സാഹിത്യ വിഭാഗങ്ങളിലായി കേരള സാഹിത്യ അക്കാദമി അവാർഡുകളും അക്കാദമി ഫെല്ലോഷിപ്പും ഉൾപ്പെടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ വ്യക്തിയാണ് താൻ. കൂടാതെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള പരമോന്നത സാഹിത്യ പുരസ്കാരങ്ങളും ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള അംഗീകാരങ്ങളും തന്‍റെ കഴിവിനും കഠിനാധ്വാനത്തിനും ലഭിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ കാഴ്ചപ്പാടുകൾ ഇല്ലാത്തവരും തന്‍റെ രചനകൾ വായിക്കാത്തവരുമാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്. അറിവില്ലാത്തവരുടെ പരിഹാസങ്ങൾക്ക് മുന്നിൽ തന്‍റെ നിലപാടുകൾ മാറ്റില്ലെന്നും ഫാസിസത്തിനെതിരായ പോരാട്ടം കൂടുതൽ കരുത്തോടെ തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു

Be the first to comment

Leave a Reply

Your email address will not be published.


*