നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ പൂര്‍ണമായി മാനിക്കുന്നുവെന്ന് ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കേസില്‍ ദിലീപ് തെറ്റുകാരനല്ലെന്നത് കോടതിയുടെ ബോധ്യമാണെന്ന് കരുതുന്നുവെന്നും കോടതികളെ വിശ്വാസത്തിലെടുക്കുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എതിരഭിപ്രായമുള്ളവര്‍ക്ക് മേല്‍ക്കോടതികളെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ അന്തിക്കാട് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിനെ കോടതി വെറുതെവിട്ട പശ്ചാത്തലത്തില്‍ അദ്ദേഹത്തെ സിനിമാ സംഘടനകളിലേക്ക് തിരിച്ചെടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു സത്യന്‍ അന്തിക്കാടിന്റെ മറുപടി. അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. താന്‍ സിനിമാ സംഘടനകളില്‍ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളല്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
കുടുംബസമേതം എത്തിയാണ് സത്യന്‍ അന്തിക്കാട് വോട്ട് ചെയ്തത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി നല്ല വ്യക്തികളെ തിരഞ്ഞെടുക്കണമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. അന്തിക്കാട് ഒരു കാര്‍ഷിക ഗ്രാമമാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് അതിനാല്‍ തന്നെ വളരെയേരെ പ്രസക്തിയുണ്ട്. നാടിന്റെ പുരോഗതി ഭരിക്കുന്ന ആളുകളെ അനുസരിച്ചിരിക്കും. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് മലയാളികള്‍ക്ക് കൃത്യമായ ബോധ്യമുണ്ടെന്നും എന്തൊക്കെ പ്രചാരണങ്ങള്‍ ആരൊക്കെ നടത്തിയാലും ആ ബോധ്യത്തിനനുസരിച്ചാകും ഓരോരുത്തരും വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Be the first to comment