
യുഎഇയിലെ ഷാർജയിൽ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് സതീഷിനെ ഇമിഗ്രേഷൻ കസ്റ്റഡിയിൽ എടുത്ത് വലിയതുറ പോലീസിന് കൈമാറുകയായിരുന്നു. സതീഷിനെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. സതീഷ് നാട്ടിലെത്തിയാൽ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കണമെന്ന് ഇമിഗ്രേഷൻ നിർദേശം ഉണ്ടായിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വലിയതുറ പോലീസ് സതീഷിനെ ഉടൻ തന്നെ ക്രൈം ബ്രാഞ്ചിന് കൈമാറും. അതുല്യയുടെ മരണം അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ചാണ്.
കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഈ കേസാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജൂലൈ 19 നാണ് അതുല്യയെ ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി ചവറ തെക്കുംഭാഗം പോലീസ് കേസ് എടുക്കുകയായിരുന്നു.
എന്നാൽ, ഷാർജയിൽ നടത്തിയ ഫൊറൻസിക് പരിശോധനയിൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തിയത്. മൃതദേഹം നാട്ടിൽ എത്തിച്ചശേഷം നടത്തിയ റീ പോസ്റ്റ്മോർട്ടത്തിന്‍റെ ഫലം വരാനുണ്ട്.
Be the first to comment