
കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തെ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 25,533 പേരെ അറസ്റ്റ് ചെയ്തതായി സൗദി. താമസ,തൊഴിൽ,അതിർത്തി നിയമങ്ങൾ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ശക്തമായ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടർന്ന 32,149 പ്രവാസികൾ നാടുകടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ 29,265 പുരുഷന്മാരും 2,884 സ്ത്രീകളുമാണ് ഉള്ളത്. ഇവർ നിലവിൽ നിയമനടപടികൾ നേരിടുകയാണ്. അറസ്റ്റിലായവരോട് യാത്രാ രേഖകൾ ലഭിക്കുന്നതിന് ബന്ധപ്പെട്ട എംബസികളുമായോ കോൺസുലേറ്റുകളുമായോ ബന്ധപ്പെടാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ഇതിന് പുറമെ നിയമങ്ങൾ ലംഘിച്ച 1,610 പ്രവാസികളോട് ഉടൻ തന്നെ രാജ്യം വിടണമെന്നും അധികൃതർ വ്യക്തമാക്കി. വിവിധ കേസുകളിൽ നിയമ നടപടികൾ പൂർത്തിയാക്കിയ 13,375 പേരെ നാട്ടിലേക്ക് തിരിച്ചയച്ചതായും സൗദി അറിയിച്ചു.
പ്രവാസികളെ നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ, അഭയം നൽകുകയോ ചെയ്യുന്ന വ്യക്തികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി. ഇത്തരത്തിലുള്ള കുറ്റങ്ങൾക്ക് 15 വർഷം വരെ തടവും 1 മില്യൺ റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
നിയമവിരുദ്ധമായ പ്രവർത്തികൾ കണ്ടെത്തിയാൽ മക്ക, റിയാദ്, കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
Be the first to comment