സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തി. വൈറ്റ് ഹൗസില്‍ ഊഷ്മളമായ വരവേല്‍പ്പാണ് കിരീടാവകാശിക്ക് ലഭിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സല്‍മാന്‍ രാജകുമാരന്‍ കൂടിക്കാഴ്ച നടത്തി. ആയുധ കരാര്‍ ഉള്‍പ്പെടെ സുപ്രധാനമായ പല കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കും.
7 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്ക സന്ദര്‍ശിക്കുന്ന സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഹൃദ്യമായ വരവേല്‍പ്പ് ആണ് വൈറ്റ് ഹൗസില്‍ ലഭിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിരീടാവകാശിയെ സ്വീകരിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സൗദിയുടെയും അമേരിക്കയുടേയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന പല വിഷയങ്ങളും ചര്‍ച്ചയായി. പലസ്തീന്‍ പ്രശ്‌ന പരിഹാരം, ഇറാനുമായുള്ള ബന്ധം, യമനിലെ പ്രതിസന്ധി തുടങ്ങിയവ ഇരുവരും ചര്‍ച്ച ചെയ്യും. എഫ് 5 യുദ്ധവിമാനങ്ങള്‍ സൗദിക്ക് കൈമാറുന്നത് ഉള്‍പ്പെടെ സുപ്രധാനമായ നിരവധി കരാറുകളില്‍ ഒപ്പുവെയ്ക്കും.
സൈനിക പരിശീലനം, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനം, വ്യാപാര-നിക്ഷേപ ബന്ധം, ഊര്‍ജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്ന കരാറുകള്‍ ഒപ്പുവെയ്ക്കും. പ്രമുഖ യുഎസ് നിക്ഷേപകരുമായും ബിസിനസ് നേതാക്കളുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതായിരിക്കും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അമേരിക്കന്‍ സന്ദര്‍ശനം.



Be the first to comment