‘ബാബറി മസ്‌ജിദിൻ്റെ പേരിലുള്ള പള്ളികള്‍ നിരോധിക്കണം, നിര്‍മ്മിക്കാന്‍ പോകുന്നവ തടയണം’; ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തി ബാബറിൻ്റെ പേരിലോ ബാബറി മസ്‌ജിദിൻ്റെ പേരിലോ രാജ്യത്ത് പള്ളികള്‍ നിര്‍മ്മിക്കുന്നത് തടയണമെന്നുള്ള പൊതു താത്പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും ഉൾപ്പെടുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബാബറി മസ്‌ജിദിൻ്റെ പകർപ്പ് നിർമ്മിക്കുമെന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറിൻ്റെ പ്രഖ്യാപനത്തെ പരാമർശിച്ചായിരുന്നു ഹർജി. കബീർ മുർഷിദാബാദിൽ ബാബറി മസ്‌ജിദ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ഹർജിയിൽ അഭിഭാഷകൻ ആവശ്യപ്പെട്ടു.

എന്നാൽ ഈ ഹർജി പരിഗണിക്കാൻ താത്പര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കിയതിനെത്തുടർന്ന് ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഇതോടെ ഹര്‍ജി പിന്‍വലിക്കാന്‍ ഹർജിക്കാരന് അനുമതി നൽകിയ ബെഞ്ച് പിൻവലിച്ചതിനാൽ തള്ളിക്കളയുന്നു എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ബാബറിൻ്റെയോ ബാബറി മസ്‌ജിദിൻ്റെയോ പേരില്‍ രാജ്യത്ത് നിലവിലുള്ള പള്ളികള്‍ നിരോധിക്കണമെന്നും നിര്‍മ്മിക്കാന്‍ പോകുന്നവ തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ആയിരുന്നു കോടതി തള്ളിയത്. അധിനിവേശക്കാരുടെ പേരിൽ ഈ രാജ്യത്ത് പള്ളികൾ നിർമ്മിക്കുന്നതിനെ ചോദ്യം ചെയ്യുന്നതിനാണ് ഹർജി സമർപ്പിച്ചതെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ബാബറിൻ്റെ പേരില്‍ രാജ്യത്ത് എവടെയെങ്കിലും പള്ളികള്‍ നിര്‍മിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന് നടപടിയെടുക്കാനുള്ള പ്രത്യേക നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ അധിനിവേശം നടത്തിയ അക്രമിയാണെന്നും ഹർജിക്കാരന്‍ വാദിച്ചു. “ഒരു പള്ളിയും നിർമ്മിക്കുകയോ അദ്ദേഹത്തിൻ്റെ പേരിൽ നാമകരണം ചെയ്യുകയോ ചെയ്യരുത്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്കെതിരെ നടപടിയെടുക്കണമെന്നും” അഭിഭാഷകന്‍ ബെഞ്ചിന് മുമ്പാകെ വാദിച്ചു.

രാമജന്മഭൂമി-ബാബറി മസ്‌ജിദ് അവകാശ തർക്ക കേസിൽ 2019 നവംബറിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. അയോധ്യയിലെ തർക്ക സ്ഥലത്ത് ഒരു രാമക്ഷേത്രം നിർമ്മിക്കുന്നതിന് സുപ്രീം കോടതി വഴിയൊരുക്കിയിരുന്നു. പള്ളി പണിയുന്നതിനായി സുന്നി വഖഫ് ബോർഡിന് അഞ്ച് ഏക്കർ സ്ഥലം അനുവദിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കുകയും ചെയ്‌തു. പള്ളി തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമ്മിച്ച് 2024-ൽ ഉദ്ഘാടനം ചെയ്‌തു.

ഉത്തർപ്രദേശിലെ അയോധ്യയിൽ മുഗൾ ചക്രവർത്തി ബാബറുടെ നിർദേശപ്രകാരം നിര്‍മ്മിച്ച പള്ളിയാണ് ബാബറി മസ്‌ജിദ്. 1528-ൽ ബാബറുടെ കമാൻഡറായിരുന്ന മിർ ബാഖിയാണ് അയോധ്യയിൽ പള്ളി നിർമ്മിച്ചത്. പത്തൊൻപതാം നൂറ്റാണ്ട് മുതൽ ഈ സ്ഥലം സംബന്ധിച്ച് നിയമപോരാട്ടങ്ങൾ നടന്നിരുന്നു. 1992 ഡിസംബർ ആറിന് വിശ്വഹിന്ദു പരിഷത്ത്, ബിജെപി പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് പള്ളി പൊളിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*