‘അവർ യോഗ്യരല്ല’; വിമൽ നേഗി കേസിൽ സിബിഐ ഉദ്യോഗസ്ഥരെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഹിമാചൽപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിപിസിഎൽ) ഉദ്യോഗസ്ഥൻ വിമൽ നേഗിയുടെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കേന്ദ്ര അന്വേഷണ ഏജൻസിയിലെ (സിബിഐ) ഉദ്യോഗസ്ഥരെയാണ് കോടതി വിമർശിക്കുകയും വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്‌തത്.

ദേശ് രാജ് എന്ന വ്യക്തി മുൻകൂർ ജാമ്യം തേടി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടയിലാണ് വിമർശനം ഉന്നയിച്ചത്. ജസ്‌റ്റിസുമാരായ അഹ്സാനുദ്ദീൻ അമാനുള്ള, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. സർവീസിൽ തുടരാൻ യോഗ്യരല്ലാത്ത “തികച്ചും വ്യാജ ഉദ്യോഗസ്ഥർ” എന്ന് കോടതി വിശേഷിപ്പിച്ചു.

ചോദ്യം ചെയ്യലിനെ കോടതി വിമർശിക്കുകയും ചെയ്‌തു. ഒരു മുതിർന്ന ഉദ്യോഗസ്ഥനാണെങ്കിൽ, അത് കേന്ദ്ര ഏജൻസിയെ മോശമായി പ്രതിഫലിപ്പിക്കുമെന്നും കോടതി പറഞ്ഞു. ‘ഇതുകൊണ്ടാണോ നിങ്ങൾ അദ്ദേഹത്തെ സ്ഥലം മാറ്റിയത്’, ഇതാണോ നിങ്ങൾ പ്രതിയോട് ചോദിക്കുന്ന ചോദ്യം? കുറ്റം ചെയ്‌തോ എന്ന് പ്രതിയോട് ചോദിക്കുമ്പോള്‍ നിങ്ങൾ അദ്ദേഹത്തിൽ നിന്ന് എന്ത് ഉത്തരങ്ങളാണ് പ്രതീക്ഷിക്കുന്നത്?

ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് അല്ല എന്നായിരിക്കും മറുപടി. അതിനർഥം അവർ നിങ്ങളോട് സഹകരിക്കുന്നില്ല എന്നാണോ. ഈ ചോദ്യങ്ങൾ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന്’ കോടതി ചോദിച്ചു. ബെഞ്ച് അവരെ വിമർശിക്കുകയും ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്‌തു. തികച്ചും വ്യാജ ഉദ്യോഗസ്ഥരാണെന്നും സർവീസിൽ തുടരാൻ യോഗ്യരല്ലെന്നും കോടതി പറഞ്ഞു.

നേഗിക്ക് എന്തു സംഭവിച്ചു

2024 ജൂൺ 15നാണ് എച്ച്പിപിസിഎൽ വിമൽ നേഗി ജോലിയിൽ പ്രവേശിക്കുന്നത്. ഒരു മാസം ആകും മുമ്പേ അദ്ദേഹം മാനസിക സമ്മർദത്തെ തുടർന്ന് ചികിത്സയിലായി. പിന്നീട് 2025 മാർച്ച് പത്തിനാണ് വിമൽ നേഗിയെ കാണാതാവുന്നത്. എട്ട് ദിവസത്തിന് ശേഷം മാർച്ച് 18ന് ബിലാസ്‌പൂർ ജില്ലയിലെ ഗോബിന്ദ് സാഗർ തടാകത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി.

പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ മാർച്ച് 13നാണ് നേഗി മരിച്ചതെന്ന് സ്ഥിരീകരിച്ചു. കാണാതായ അന്ന് മുതൽ വിമൽ നേഗി എവിടെയെന്ന ചോദ്യമാണ് സംശയങ്ങൾക്ക് തിരികൊളുത്തിയത്. വലിയ പ്രതിഷേധങ്ങൾക്കും കാരണമായി. തുടർന്ന് ഹിമാചൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ അവർക്ക് മരണ കാരണം കണ്ടെത്താൻ സാധിച്ചില്ല. പിന്നാലെ ഹിമാചൽ ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയും 2025 മെയ് 23ന് കേസ് അന്വേഷണം സിബിഐക്ക് കൈമാറുകയം ചെയ്‌തു.

Be the first to comment

Leave a Reply

Your email address will not be published.


*