സ്‌കൂള്‍ കലോത്സവം: ‘എ’ ഗ്രേഡ് വിജയികള്‍ക്ക് സര്‍ക്കാരിന്റെ സമ്മാനം

ആലപ്പുഴ: സംസ്ഥാനത്ത് സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാരിന്റെ വക 1000 രൂപ ഗ്രാന്റ് ആയി നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോട് കൂടി പരാതിരഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും താമസം, ഭക്ഷണം തുടങ്ങിയവയെല്ലാം കൃത്യമായി സജ്ജീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലോത്സവത്തിലെ സ്വര്‍ണക്കപ്പ് തൃശൂരില്‍ ആയതുകൊണ്ട്, ഘോഷയാത്ര തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് നിന്നും തൃശൂരിലേക്ക് എത്തുന്നതായിട്ടാണ് ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ കായികമേളയില്‍ ഇത്തവണ പരിഷ്‌കരിച്ച മാനുവലില്‍ നടക്കുമെന്നും കളരിപ്പയറ്റ് മത്സരത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവകരമാണ്. നിരവധി അപേക്ഷകള്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ പുനഃപരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എട്ട് വര്‍ഷവും പത്ത് വര്‍ഷവും ജോലി ചെയ്തിട്ട് പിരിച്ചുവിടുക എന്നത് അനീതിയാണ്. വിദ്യാഭ്യാസ സെക്രട്ടറി വാസുകിയെ കണ്‍വീനറായി കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. ആധാറിന് പകരം, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, കൂടി പരിഗണിക്കാം എന്നതാണ് നിര്‍ദ്ദേശിക്കുന്നതെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*