
ജമ്മുവിലെ സാംബ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്. കൊല്ലപ്പെട്ട ഏഴുപേര്‍ക്കും ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ബിഎസ്എഫ് പറഞ്ഞു. അതിര്‍ത്തിയ്ക്ക് സമീപത്തുവച്ചാണ് ഭീകരരും ബിഎസ്എഫുമായി ഏറ്റുമുട്ടിയത്.
അതേസമയം വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയില്‍ ഷെല്ലാക്രമണം തുടരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം തുടങ്ങിയത്. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.മൊഹുറയ്ക്ക് സമീപം റസേര്‍വാനിയില്‍ നിന്ന് ബാരാമുള്ളയിലേക്ക് പോകുകയായിരുന്ന വാഹനം ഷെല്ലില്‍ ഇടിച്ചായിരുന്നു മരണം. റസേര്‍വാനിയില്‍ താമസിക്കുന്ന നര്‍ഗീസ് ബീഗം ആണ് പാക് ഷെല്ലാക്രമണത്തില്‍ മരിച്ചത്. കുടുംബത്തോടൊപ്പം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വാഹനത്തില്‍ ഷെല്‍ പതിക്കുന്നത്.
സംഭവസ്ഥലത്ത് വെച്ചുതന്നെ നര്‍ഗീസ് മരണപ്പെടുകകയിരുന്നു. നര്‍ഗീസിന് പുറമെ ഹഫീസ എന്ന മറ്റൊരു സ്ത്രീക്കും ഷെല്ലാക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ജിഎംസി ബാരാമുള്ളയിലേക്ക് മാറ്റി. ഉറിയില്‍ അടക്കം യാതൊരു സുരക്ഷയുമില്ലാത്ത സാഹചര്യമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് വളരെ മോശം അവസ്ഥയാണുള്ളതെന്നും നര്‍ഗീസിന്റെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച രാത്രി പാകിസ്താന്‍ ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. എന്നാല്‍ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എല്ലാ ഡ്രോണുകളും മിസൈലുകളും നിര്‍വീര്യമാക്കി. ജയ്‌സാല്‍മറില്‍ ഇന്ത്യന്‍ വ്യോമ പ്രതിരോധം പാക് ഡ്രോണുകള്‍ തടഞ്ഞു.
Be the first to comment