
പോലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ കേസില്‍ യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും. കുറ്റപത്രം ഉള്‍പ്പെടെ സമര്‍പ്പിക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ച പശ്ചാത്തലത്തിലാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പോലീസ് വയര്‍ലെസ് സെറ്റ് ഹാക്ക് ചെയ്ത് സന്ദേശം ചോര്‍ത്തിയെടുത്ത സ്വന്തംയൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചതിനാണ് ഷാജന്‍ സ്‌കറിയൊക്കെതിരെ പാലാരിവട്ടം പോലീസ് കേസടുത്തത്. അഭിഭാഷകനായ മുഹമ്മദ് ഫിറോസ് ആണ് പരാതി നല്‍കിയത്. ഐടി ആക്ടും രാജ്യദ്രോഹ കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ കേസെടുത്ത് 500 ദിവസം പിന്നിട്ടും പാലാരിവട്ടം പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് കേസിലെ പുതിയ വഴിത്തിരിവ്.
ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നായിരുന്നു കോടതിയില്‍ പോലീസിന്റെ മറുപടി. പുതിയ ഉത്തരവുപ്രകാരം ഓരോ 30 ദിവസം കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയില്‍ റിപ്പോര്‍ട്ടായി സമര്‍പ്പിക്കണം. കേസില്‍ ആകെ 11 പ്രതികളാണ് ഉള്ളത്.
Be the first to comment