മുംബൈ: ഇന്നലെ ശക്തമായി തിരിച്ചുവന്ന ഓഹരി വിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500ഓളം പോയിന്റ് ആണ് താഴ്ന്നത്. 84,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 25,850 പോയിന്റിന് അരികിലാണ് നിഫ്റ്റി.
ലാഭമെടുപ്പാണ് ഓഹരി വിപണിയില്‍ ദൃശ്യമായത്. തിങ്കളാഴ്ച വിദേശ നിക്ഷേപകര്‍ 55.58 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റഴിച്ചത്. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചത് ആഭ്യന്തര നിക്ഷേപകരുടെ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിരിക്കുകയാണ്. ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിയല്‍റ്റി, എഫ്എംസിജി, ഐടി സെക്ടറുകളിലാണ് പ്രധാനമായി ലാഭമെടുപ്പ് ദൃശ്യമായത്.
രൂപയുടെ മൂല്യം ഇടിഞ്ഞതും ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 21 പൈസയുടെ നഷ്ടമാണ് നേരിട്ടത്. 88.40ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഇറക്കുമതിക്കാരുടെ ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയ പ്രഖ്യാപനം നാളെ ഉണ്ടാവും. ഈ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്.
പ്രധാനമായി ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട ഓഹരികള്‍.



Be the first to comment