മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 200ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയും നഷ്ടത്തിലാണ്. നിഫ്റ്റി 26,250 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്.
ലാഭമെടുപ്പാണ് വിപണിയില്‍ ദൃശ്യമാകുന്നത്. ഇന്ത്യന്‍ ഇറക്കുമതിക്ക് മേല്‍ വീണ്ടും തീരുവ കൂട്ടുമെന്ന അമേരിക്കന്‍ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബ്ലൂ ചിപ്പ് കമ്പനികളുടെ ഓഹരികള്‍ കനത്ത ഇടിവ് നേരിട്ടിരുന്നു. പ്രധാനമായി ഐടി കമ്പനികളുടെ ഓഹരികളാണ് ഇതിന്റെ പ്രത്യാഘാതം ഏറ്റവുമധികം നേരിട്ടത്. ഇത് ഇന്നും തുടരുന്ന കാഴ്ചയാണ് വിപണിയില്‍ ദൃശ്യമായത്. ഇതിന് പുറമേ വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും വിപണിയില്‍ പ്രതിഫലിച്ചു
ട്രെന്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ട്രെന്റിന് മാത്രം എട്ടുശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. കമ്പനി പുറത്തുവിട്ട വരുമാന കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്താണ് വില ഇടിഞ്ഞത്. അതേസമയം ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, അപ്പോളോ ഹോസ്പിറ്റല്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കി. അതിനിടെ രൂപ വ്യാപാരത്തിന്റെ തുടക്കത്തില്‍ 18 പൈസയുടെ നേട്ടം സ്വന്തമാക്കി. 90.12 രൂപയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നതാണ് രൂപയ്ക്ക് തുണയായത്.



Be the first to comment