മുംബൈ: കഴിഞ്ഞ ദിവസം നേട്ടത്തോടെ വ്യാപാരം അവസാനിച്ച ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ധനകാര്യ സ്റ്റോക്കുകളിലെ വില്‍പ്പന സമ്മര്‍ദ്ദവുമാണ് വിപണിയെ ബാധിച്ചത്. നിഫ്റ്റി 25,450 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോകുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.
തിങ്കളാഴ്ച 4,114 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേകര്‍ വിറ്റൊഴിഞ്ഞത്. കൂടാതെ പണലഭ്യതയില്‍ ഉണ്ടായ കുറവും ഓഹരി വിപണിയെ സ്വാധീനിച്ചതായും വിപണി വിദഗ്ധര്‍ പറയുന്നു. എന്നാല്‍ വ്യാപാര കാര്യത്തില്‍ ഇന്ത്യയോടുള്ള സമീപനത്തില്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന അനുകൂല സൂചനങ്ങള്‍ വരുംദിവസങ്ങളില്‍ വിപണിക്ക് കരുത്തുപകരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.
ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ്. ഇതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ്, ഭാരതി എയര്‍ടെല്‍, ഭാരത് ഇലക്ട്രോണിക്‌സ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.



Be the first to comment