
മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടത്തിന്റെ പാതയിലായിരുന്ന ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 450 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,650 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ എത്തി.
ഓഹരി വിപണിയുടെ ഇടിവിന് പ്രധാനമായി രണ്ട് കാരണങ്ങളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ആര്‍ബിഐയുടെ നാളെ നടക്കാനിരിക്കുന്ന പണ വായ്പ നയ പ്രഖ്യാപനമാണ് ഇതില്‍ ഒന്ന്. നിലവിലെ സാഹചര്യത്തില്‍ ആര്‍ബിഐ മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്തില്ലെന്നാണ് അറിയുന്നത്. പലിശനിരക്ക് കുറയ്ക്കാതെ തല്‍സ്ഥിതി തുടര്‍ന്നാല്‍ ഇത് വിപണിയില്‍ ഒരു നെഗറ്റീവ് ഇംപാക്ടിനുള്ള സാധ്യത സൃഷ്ടിച്ചേക്കാം. ആര്‍ബിഐയുടെ തീരുമാനം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കരുത്തുപകരുന്നതല്ല എന്ന വിലയിരുത്തലില്‍ വിപണി ഇടിയാന്‍ സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ട് നിക്ഷേപകര്‍ വിപണിയില്‍ കരുതലോടെ ഇടപെടുന്നതാണ് ഇന്നത്തെ വിപണിയുടെ നഷ്ടത്തിന് കാരണമെന്നും വിദഗ്ധര്‍ പറയുന്നു.
ആര്‍ബിഐയുടെ വായ്പ നയ പ്രഖ്യാപനം വരാനിരിക്കേ, ബാങ്ക് ഓഹരികളാണ് പ്രധാനമായി ഇന്ന് നഷ്ടം നേരിട്ടത്.ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് മറ്റൊരു കാരണം. വിപണിക്ക് കരുത്തു പകരുന്ന ഘടകങ്ങള്‍ ഒന്നും ഇല്ലാത്തതാണ് വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുന്നതിന് ഒരു പ്രധാന കാരണം. ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
n
Be the first to comment