മുംബൈ: ഓഹരി വിപണിയില്‍ വന്‍കുതിപ്പ്. ദീപാവലിക്ക് ശേഷമുള്ള ആദ്യ മുഴുനീള വ്യാപാരത്തിന്റെ തുടക്കത്തില്‍ സൂചികകള്‍ ഒരു ശതമാനമാണ് മുന്നേറിയത്. ബിഎസ്ഇ സെന്‍സെക്‌സ് മാത്രം 800 പോയിന്റ് കുതിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും 85,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍ എത്തി.
താമസിയാതെ തന്നെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിക്ക് തുണയായത്. വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ മേല്‍ അമേരിക്ക ചുമത്തുന്ന ഇറക്കുമതി തീരുവ 15 ശതമാനമായി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ 50 ശതമാനമാണ് ഇറക്കുമതി തീരുവ. ഇതാണ് വിപണിക്ക് ആത്മവിശ്വാസം പകര്‍ന്നതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികളാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് ഉടന്‍ അവസാനമാകുമെന്ന പ്രതീക്ഷയില്‍ വിദേനിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയില്‍ പ്രതിഫലിച്ചു. ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. രൂപ ശക്തിയാര്‍ജിച്ചതും വിപണിക്ക് ഗുണം ചെയ്തു. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 13 പൈസയാണ് മുന്നേറിയത്. നിലവില്‍ ഡോളറിനെതിരെ 87.80 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്.



Be the first to comment