പാലക്കാട് ജില്ലാ ആശുപത്രിക്ക് ചികിത്സാ പിഴവെന്ന് പരാതി. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിടെ വീണു പരിക്കേറ്റ പെൺകുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി.
സെപ്തംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ പെൺകുട്ടിക്ക് വീണു പരിക്കേറ്റത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ നിന്നും എക്സ് റേ എടുത്ത് പ്ലാസ്റ്റർ ഇട്ട് വിട്ടയച്ചു.
വേദന കൂടിയതോടെ 25ന് വീണ്ടും ചികിത്സ തേടി. അഞ്ചു ദിവസം കഴിഞ്ഞ് വന്നാൽ മതിയെന്ന് നിർദേശം നൽകി മടക്കി അയച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ സ്വകാര്യ ആശുപത്രിയിലേക്ക് പോവാൻ ആവശ്യപ്പെട്ടന്നും കുട്ടിയുടെ മാതാവ് പ്രസീത പറഞ്ഞു.
സെപ്റ്റംബർ 25-ന് കുട്ടിയുടെ കൈക്ക് വീണ്ടും വേദന അനുഭവപ്പെടുകയും കൈയിലെ നിറം മങ്ങാൻ തുടങ്ങുകയും ചെയ്തു. എന്നാൽ ഒക്ടോബർ അഞ്ചിന് വന്നാൽ മതിയെന്ന് പറഞ്ഞ് കുട്ടിയെയും മാതാപിതാക്കളെയും ആശുപത്രി അധികൃതർ തിരിച്ചയച്ചതായും കുടുംബം പറയുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവിടെ നടത്തിയ പരിശോധനയിൽ കൈ അഴുകിയ നിലയിലായിരുന്നു. ഇതോടെ വലത് കൈ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. മതിയായ ചികിത്സ ലഭിക്കാത്തതാണ് കൈ മുറിച്ചുമാറ്റാൻ കാരണമെന്നും കുടുംബം പറയുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് പരാതി നൽകാൻ ഒരുങ്ങുകയാണ് മാതാപിതാക്കൾ.



Be the first to comment