ഭക്ഷണം കഴിച്ച ശേഷം വയറ്റില്‍ അസ്വസ്ഥത അനുഭവപ്പെടാറുണ്ടോ? പ്രത്യേകിച്ച് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍. ശരീരത്തില്‍ കൊഴുപ്പ് ശരിയായ രീതിയില്‍ പ്രോസസ് ചെയ്യാതിരിക്കുമ്പോഴാണ് ബ്ലോട്ടിങ് പോലുള്ള അസ്വസ്ഥത ഉണ്ടാകുന്നത്. ബ്ലോട്ടിങ് ഒഴിവാക്കാന്‍ ഒരു സിംപിള്‍ ട്രിക്ക് പരീക്ഷിച്ചാല്‍ മതിയാകുമെന്ന് പറയുകയാണ് പ്രമുഖ ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ആയ ഡോ. സൗരഭ് സേതി.
ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പ് പ്രോസസ് ചെയ്യാനും ഡയറ്റില്‍ ചേര്‍ക്കാവുന്ന ഏറ്റവും മികച്ച ചേരുവയാണ് എള്ള്. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും നിരവധി ആരോഗ്യഗുണങ്ങളുള്ളതാണ് ഈ വിത്തുകള്‍. ഇതില്‍ കാല്‍സ്യം, മഗ്നീഷ്യം, നാരുകള്‍ പോലുള്ള പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ദഹനത്തിന് സഹായിക്കുന്ന ബൈലിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു.
ഇത് കൊഴുപ്പിനെ വിഘടിപ്പിക്കാന്‍ സഹായിക്കും. ബൈല്‍ കുറഞ്ഞാല്‍ കൊഴുപ്പ് വയറ്റില്‍ അടിഞ്ഞു കൂടാനും അത് അസ്വസ്ഥത ഉണ്ടാക്കാനും കാരണമാകുന്നു. വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിന് പുരാതന കാലം മുതല്‍ തന്നെ എള്ള് ആളുകള്‍ ഉപയോഗിച്ചു വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ എള്ള് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതിലൂടെ ഹൃദ്രോഗവും സ്‌ട്രോക്ക് സാധ്യതയും കുറയ്ക്കാന്‍ സഹായിക്കും. എള്ളില്‍ അടങ്ങിയിരിക്കുന്ന സീസെമിന്‍ എന്ന സംയുക്തം സിസ്‌റ്റോളിക് വെന്‍ട്രിക്കുലാര്‍ ബ്ലഡ് പ്രഷര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.
കൂടാതെ ഇതില്‍ അടങ്ങിയ നാരുകള്‍ മലവിസര്‍ജനം സുഗമമാക്കാൻ സഹായിക്കുന്നു. ഇതിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് കുടൽ പേശികളെ വിശ്രമിക്കുകയും ദഹനനാളത്തിലൂടെ ഭക്ഷണത്തിന്റെ ചലനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.



Be the first to comment