
കൊല്ലം: ചവറ കുടുംബക്കോടതി ജഡ്ജിക്കെതിരെ ലൈംഗികാധിക്ഷേപ പരാതിയില്‍ ഹൈക്കോടതി അന്വേഷണം ആരംഭിച്ചു. പരാതിക്കാരികള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് അന്വേഷണം. പരാതിയെ തുടര്‍ന്ന് ചവറ കുടുംബ കോടതി ജഡ്ജി വി. ഉദയകുമാറിനെ സ്ഥലം മാറ്റി. എംഎസിറ്റി കോടതിയിലേയ്ക്കാണ് സ്ഥലം മാറ്റിയത്. തുടര്‍ന്ന് ജഡ്ജി അവധിയില്‍ പ്രവേശിച്ചു.
വിവാഹമോചന കേസില്‍ പരാതിയുമായെത്തിയ സ്ത്രീയാണ് ജഡ്ജി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കൊല്ലം ജില്ലാ കോടതിയെ സമീപിച്ചത്. കൊല്ലം ജില്ലാ ജഡ്ജി വിവരം ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് കൈമാറിയിരുന്നു. വിവാഹമോചന ഹര്‍ജികളുമായി എത്തുന്ന സ്ത്രീകളെ കോടതി നിയോഗിക്കുന്ന അഭിഭാഷകരാണ് സാധാരണ കൗണ്‍സിലിങ് നടത്തുക.
ചവറ കുടുംബക്കോടതിയില്‍ ജഡ്ജി നേരിട്ട് പരാതിക്കാരികളെ ചേംബറിലേക്ക് വിളിച്ചെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നുമാണ് പരാതി. യുവതിയുടെ വക്കാലത്തെടുത്ത കൊല്ലത്തെ അഭിഭാഷക വഴി ബാര്‍ അസോസിയേഷന് ഭാരവാഹികളെയും ബന്ധപ്പെട്ടിരുന്നു. പരാതി ജില്ലാ ജഡ്ജി ഹൈക്കോടതിയിലേക്ക് അയച്ചു. തുടര്‍ന്നാണു കഴിഞ്ഞ രാത്രി ഹൈക്കോടതി സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. പരാതിയെക്കുറിച്ച് വിശദമായ അന്വേഷണത്തിനും ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ജില്ലാ ജുഡീഷ്വറി രജിസ്റ്റാറാണ് അന്വേഷണം നടത്തുക. സംഭവത്തില്‍ ഭാരതീയ അഭിഭാഷക പരിഷത്ത് പ്രതിഷേധിച്ചു.
Be the first to comment