രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി; തുടർ നടപടികൾ നിരീക്ഷിക്കാൻ കോൺഗ്രസ്, പുറത്താക്കണമെന്ന് ആവശ്യം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക പീഡന പരാതിയിലെ തുടർ നടപടികൾ നിരീക്ഷിക്കാൻ കോൺഗ്രസ്. അറസ്റ്റ് ഉണ്ടാകുന്നപക്ഷം കൂടിയാലോചനയിലൂടെ നിലപാട് തീരുമാനിക്കും. അറസ്റ്റ് ഉണ്ടായാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ആവശ്യമുണ്ട്. ഹൈക്കമാൻഡിൻ്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമാകും തീരുമാനം. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായവും നേതാക്കൾക്കിടയിലുണ്ട്. ഇത് സംബന്ധിച്ച് പരസ്യ പ്രതികരണം നടത്തി വിവാദം ഉണ്ടാക്കരുതെന്നാണ് നേതൃത്വത്തിൻ്റെ നിർദേശം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് ഉടൻ കേസെടുക്കും.തിരുവനന്തപുരം റൂറൽ എസ് പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. കേസിൽ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതികളും ഡിജിറ്റൽ തെളിവുകളും കൈമാറിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ഏതൊക്കെ വകുപ്പുകൾ ചുമത്തണമെന്ന് തീരുമാനിക്കുക.

സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ നേരത്തെ ക്രൈം ബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. എന്നാൽ അതിജീവിത നേരിട്ട് ലൈംഗിക പീഡന പരാതി നൽകിയ സാഹചര്യത്തിൽ ഈ കേസ് പ്രത്യേക കേസായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് പോലീസിൻ്റെ തീരുമാനം. അറസ്റ്റുണ്ടായാൽ രാഹുൽ മുൻ‌കൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*