കലുങ്ക് സംവാദത്തിന് പിന്നാലെ പുതിയ സംവാദ പരിപാടിയുമായി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ‘SG Coffee Times’ എന്ന പേരിലാണ് പുതിയ പരിപാടി. കലുങ്ക് സംവാദത്തിലെ വിവാദങ്ങൾ തിരിച്ചടി ആയെന്ന് ബിജെപിക്കുള്ളിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പുതിയ പരിപാടി. തൃശൂർ അയ്യന്തോളിലും പുതൂർക്കരയിലും ആദ്യ പരിപാടികൾ നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും സമാനമായ പരിപാടികൾ സുരേഷ് ഗോപി സംഘടിപ്പിച്ചിരുന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കലുങ്ക് സംവാദം തുടക്കത്തിൽത്തന്നെ കല്ലുകടിയായി. സംവാദത്തിൽ സുരേഷ് ഗോപി നടത്തുന്ന രാഷ്ട്രീയ പക്വതയും വിവേകവും ഇല്ലാത്ത മറുപടികളും ഇടപെടലുകളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ഭയക്കുന്നുണ്ട്.
ചേർപ്പിൽ നടത്തിയ സംവാദത്തിൽ വീടിന് അപേക്ഷയുമായി ഒത്തിരി പ്രതീക്ഷയോടെ എത്തിയ വയാേധികന്റെ അപേക്ഷ വാങ്ങാൻപോലും സുരേഷ് ഗോപി തയ്യാറായില്ല. ഇത് കടുത്ത വിമർശനത്തിനാണ് ഇടയാക്കിയത്. വീണുകിട്ടിയ അവസരം മുതെലടുത്ത സിപിഐഎം വയോധികന് വീടുനിർമ്മിച്ചുനൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ സംവാദം നടത്തിയത് ബിജെപിയും നേട്ടം കൊയ്തത് സിപിഐഎമ്മാണെന്നും ബിജെപിക്കാർക്കിടയിൽ തന്നെ സംസാരമുണ്ടായി.
ഇരിങ്ങാലക്കുടയിലെ സംവാദത്തിൽ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെക്കിട്ടാൻ സഹായിക്കണമെന്ന അപേക്ഷയുമായെത്തിയ വയോധികയെ ആക്ഷേപിക്കുന്ന രീതിയിലായിരുന്നു സുരേഷ് ഗോപി പെരുമാറിയത്. ഇത് മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്തു. ഇതോടെയാണ് കലുങ്ക് സംവാദം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന രീതിയിൽ പാർട്ടികേന്ദ്രങ്ങളിൽ അഭിപ്രായമുയർന്നതെന്നാണ് റിപ്പോർട്ട്.
സുരേഷ് ഗോപിക്ക് കേന്ദ്രനേതൃത്വവുമായി നല്ല അടുപ്പമായതിനാൽ ഇപ്പോഴത്തെ രീതി തെറ്റാണെന്ന് അദ്ദേഹത്തെ പറഞ്ഞുമനസിലാക്കാനോ, അത് തിരുത്തിക്കാനോ പ്രാദേശിക, ജില്ലാ നേതാക്കൾക്ക് കഴിയുന്നില്ലെന്നാണ് വിവരം.



Be the first to comment