സി പി എമ്മിന്റെയും സി എമ്മിന്റെയും “ശ്രീ ” പി എമ്മും ബിജെപിയും തന്നെയാണ്, സിപിഐ അല്ല: ഷാഫി പറമ്പിൽ

കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽ പങ്കുചേരാനുള്ള കേരളത്തിന്‍റെ തീരുമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സി പി ഐഎമ്മിനെയും രൂക്ഷമായി പരിഹസിച്ച് വടകര എം പി ഷാഫി പറമ്പിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. സി പി എമ്മിന്റെയും സി എമ്മിന്റെയും ” ശ്രീ ” പി എമ്മും ബിജെപിയും തന്നെയാണ്. സിപിഐ അല്ല. എന്നായിരുന്നു ഷാഫി കുറിച്ചത്.

നേരത്തെ പിണറായി വിജയനെയും സി പി എമ്മിനെയും രൂക്ഷമായി പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ രംഗത്തെത്തി. ‘ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ’ എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള രാഹുലിന്‍റെ പരിഹാസം. ‘ശ്രീ.പി.എം ശ്രിന്താബാദ്’ എന്ന പരിഹാസം സി പി എമ്മിനെതിരെയും രാഹുൽ ഉന്നയിച്ചു.

യൂത്ത് കോൺഗ്രസ് നേതാക്കളായ ബിനു ചുള്ളിയിലും അബിൻ വർക്കിയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ‘ഒരുവൻ സർവതും സ്വന്തമാക്കിയാലും അവൻ്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് എന്തു കാര്യം’ – എന്ന ചോദ്യമാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബിനു ചുള്ളിയിൽ ഉയർത്തിയത്.

‘കാക്ക കാലിന്റെ പോലും തണൽ ഇല്ലാത്ത രക്തഗന്ധം വമിക്കുന്ന ആ ശ്മശാന ഭൂമിയിൽ നിന്നും ജീർണ്ണതയുടെ അഴുകിയ വസ്ത്രങ്ങൾ അഴിച്ച് വച്ച് പ്രതീക്ഷയുടെ പുത്തൻ വസ്ത്രങ്ങൾ അണിയാൻ നിങ്ങൾ തയ്യാറാകണം’ – വിജയൻ മാഷ് എന്നായിരുന്നു അബിൻ വർക്കി കുറിച്ചത്.

കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായിരുന്ന സി അച്യുതമേനോന്റെ പാർട്ടിക്ക്, നിലപാടുകളിലൂടെ സിപിഐയെ വാനോളം ഉയർത്തിയ സി കെ ചന്ദ്രപ്പന്റെ പാർട്ടിക്ക് , ആദർശത്തിലൂടെ പാർട്ടിയെ നയിച്ച വെളിയം ഭാർഗവന്റെ പാർട്ടിക്ക് ഇങ്ങനെയൊരു ഗതികേടിന്റെ ആവശ്യമുണ്ടോ? എന്നും അബിൻ കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*