രാഹുൽ വിഷയത്തിൽ ഇനി കോൺഗ്രസിന് ഒന്നും ചെയ്യാനില്ലെന്ന് ഷാഫി പറമ്പിൽ എംപി. പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടില്ല. നാളെ വയനാട്ടിൽ നടക്കുന്ന ചിന്തൻ ശിബിരം ചർച്ച ചെയ്യും. എം പിമാർ മത്സരിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടില്ല. കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകരാരും നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിക്കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ആന്റണി രാജുവിനെതിരായ കേസ് ഇനി ആരോപണമല്ല, കുറ്റം തെളിയിക്കപ്പെട്ടു. ഒരു എംഎൽഎ മയക്കുമരുന്ന് കേസിൽ തെളിവ് നശിപ്പിക്കുക എന്നത് ഗൗരവതരം. ദേശീയപാത നിർമാണത്തിലെ അപാകത, അഴിയൂർ- വെങ്ങളം റീച്ചിൽ വിദഗ്ധസംഘം പരിശോധന നടത്തും. ഹരിയാനയിൽ നിന്നുള്ള മുൻ പിഡബ്ല്യുഡി ചീഫ് എൻജിനീയയുടെ നേതൃത്വത്തിൽ ആയിരിക്കും പരിശോധന നടത്തുകയെന്നും ഷാഫി വ്യക്തമാക്കി.
അതേസമയം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി പാലക്കാട് മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ സ്റ്റാർ കാൻഡിഡേറ്റുകളിലേക്കാണ് കോൺഗ്രസിൽ സാധ്യത ഉയരുന്നത്. പാലക്കാട് മുൻ എം എൽ എ കൂടിയായ ഷാഫി പറമ്പിൽ എം പി തന്നെയാണ് സാധ്യതയുള്ളവരുടെ പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്. മണ്ഡലത്തിലെ സ്വീകാര്യതയാണ് ഷാഫിയുടെ പേരിന് മുൻതൂക്കം നൽകുന്നത്.
ചരിത്ര ഭൂരിപക്ഷത്തിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക പീഡന കേസുകളിൽ കുടുങ്ങിയതോടെയാണ് മണ്ഡലം അതീവ ശ്രദ്ധാകേന്ദ്രമായത്. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം പാലക്കാട് നിലനിർത്തുക അഭിമാന പ്രശ്നമാണ്.



Be the first to comment