‘അദ്ദേഹം സ്വമേധയാ രാജിസന്നദ്ധത അറിയിച്ചു, ഇത് സിപിഐഎം ചെയ്താല്‍ ‘എഫ്‌ഐആര്‍ ഇല്ലാ രാജി’ എന്ന ധാര്‍മികതയുടെ ക്ലാസ് കേള്‍ക്കേണ്ടി വന്നേനെ’; രാഹുലിനെ പരോക്ഷമായി പിന്തുണച്ച് ഷാഫി പറമ്പില്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതികള്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. ആരോപണം ഉയര്‍ന്നപ്പോള്‍ രാഹുല്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും അത് നേതൃത്വം അംഗീകരിച്ചെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടേ എന്ന ചോദ്യത്തിന് മറ്റ് പാര്‍ട്ടികള്‍ക്ക് അത്തരമൊരു ആവശ്യം മുന്നോട്ടുവയ്ക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഷാഫിയുടെ മറുപടി. ആരോപണവിധേയരെ സിപിഐഎം ചെയ്യുന്നതുപോലെ സംരക്ഷിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കാനാകില്ലെന്നും ഷാഫി പറമ്പില്‍ വടകരയില്‍ പറഞ്ഞു.

രാഹുലിനെതിരെ ആരോപണം വന്നപ്പോള്‍ താന്‍ ബിഹാറിലേക്ക് ഒളിച്ചോടി എന്ന് പറയുന്നത് ശരിയല്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ബിഹാറില്‍ കോണ്‍ഗ്രസ് നടത്തി വരുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഗൗരവം അറിയാത്തവരല്ല കേരളത്തിലെ മാധ്യമങ്ങള്‍. ആ യാത്രയില്‍ ഭാഗമാകുക എന്നത് തന്റെ ഉത്തരവാദിത്തമാണ്. ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് പോകാന്‍ എളുപ്പമായതിനാലാണ് പാര്‍ലമെന്ററി സമ്മേളനം കഴിഞ്ഞുടന്‍ അങ്ങോട്ട് തിരിച്ചത്. തിരികെ വന്നയുടന്‍ മാധ്യമങ്ങളെ കാണാന്‍ തയ്യാറാകുന്നു. ബിഹാറിലേക്ക് മുങ്ങി എന്ന് പറയുന്നത് ശരിയാണോ എന്ന് മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

മാധ്യമങ്ങളെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും വരിവരിയായി നിന്ന് കാണണമെന്നുണ്ടോ എന്നും വിഷയത്തില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അന്നുതന്നെ പ്രതികരിച്ചില്ലേ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ഇന്നും തനിക്കെതിരെ പ്രതിഷേധമുണ്ടായില്ലേ എന്നിട്ടും ആരും ഒളിച്ചോടിയില്ലല്ലോ എന്നും പ്രതിഷേധങ്ങളേയും മാധ്യമങ്ങളേയും ധാരാളം കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം തിരിച്ചടിച്ചു.

കോടതി തീരുമാനമോ എഫ്‌ഐആറോ അന്വേഷണമോ വരുന്നതിന് മുന്‍പുതന്നെ ആരോപണ വിധേയന്‍ രാജിസന്നദ്ധത അറിയിക്കുകയും ഉടന്‍ രാജി പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഇത് സിപിഐഎം നേതാവായിരുന്നു ചെയ്തിരുന്നതെങ്കില്‍ കണ്ടോ എഫ്‌ഐആറില്ലാത്ത രാജി എന്ന് പറഞ്ഞ് ധാര്‍മികയുടെ ക്ലാസെടുത്തേനെ. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ആരോപണവിധേയന്‍ ഇപ്പോള്‍ തുടരുന്നില്ല. എന്നിട്ടും ഇപ്പോള്‍ കോണ്‍ഗ്രസിനെ ധാര്‍മികത പഠിപ്പിക്കാനാണ് ഒരുകൂട്ടം ആളുകള്‍ ശ്രമിക്കുന്നത്. ഗോവിന്ദന്‍ മാഷിന്റെ ഉള്‍പ്പെടെ പ്രതികരണങ്ങള്‍ ജനം വിലയിരുത്തുന്നുണ്ട്. വിഷയത്തിന്റെ ധാര്‍മികതയാണ് ഇവരുടെ വിഷയമെങ്കില്‍ രാജി ഉണ്ടായിട്ടുണ്ട്. ഇനി കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെങ്കില്‍ അത് നടക്കില്ല. സര്‍ക്കാരിന്റെ മോശം ചെയ്തികളെ വിമര്‍ശിക്കുന്നതില്‍ നിന്ന് ഈ വിവാദം കൊണ്ടൊന്നും കോണ്‍ഗ്രസിനെ തടയാനാകില്ലെന്നും ഷാഫി പറഞ്ഞു. സിപിഐഎം അജണ്ടയുടെ ഭാഗമായി ചില മാധ്യമങ്ങള്‍ നില്‍ക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജിയ്ക്ക് അപ്പുറവും കോണ്‍ഗ്രസിന്റെ ധാര്‍മികതയെ ചോദ്യം ചെയ്യുന്നതിന് പിന്നിലെ ലക്ഷ്യം സദുദ്ദേശത്തോടെയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. കത്ത് വിവാദം ഉള്‍പ്പെടെ ഈ ആരോപണങ്ങള്‍കൊണ്ട് മറയ്ക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*