ഷാഫി പറമ്പിലിന് മര്‍ദ്ദനമേറ്റ സംഭവം;’കേരള രൂപീകരണത്തിന് ശേഷം ഉണ്ടായ ആദ്യ സംഭവമല്ല’ ; വി ശിവന്‍കുട്ടി

ഷാഫി പറമ്പലിന് മർദ്ദനമേറ്റ സംഭവം കേരള രൂപീകരണത്തിന് ശേഷം ഉണ്ടായ ആദ്യ സംഭവമല്ലയെന്നും അതിശയോക്തിപരമായ കാര്യമായി തനിക്ക് തോന്നില്ലയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.പൊതുപ്രവർത്തന രംഗത്ത് നിൽക്കുമ്പോൾ താനും ഒരുപാട് മർദ്ദനം ഏറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണപ്പാളി വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. സർക്കാർ നയം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും കുറ്റക്കാർ ആരും രക്ഷപ്പെടില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.എത്ര വമ്പൻ ആയാലും ശിക്ഷിക്കപ്പെടുമെന്നും തെളിവില്ലാതെ പ്രതിപക്ഷം എന്തും വിളിച്ചു പറയുകയാണെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. സ്വർണ്ണപ്പാളി വിവാദം മുക്കാനാണ് ഇഡി റെയ്ഡെന്ന സുരേഷ് ഗോപിയുടെ വാദത്തിലും ശിവൻകുട്ടി മറുപടി പറഞ്ഞു. സമനില തെറ്റിയ അഭിപ്രായമാണ് സുരേഷ് ഗോപി നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിയ്ക്ക് പോലീസിന്റെ അടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ലാത്തി കൊണ്ട് ഷാഫി പറമ്പിലിന്റെ തലയ്ക്ക് പോലീസ് അടിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാനാവുന്നത്. ഷാഫിയെ തങ്ങള്‍ അടിച്ചിട്ടില്ലെന്ന് പോലീസ് ആവര്‍ത്തിക്കുമ്പോഴാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് പോലീസിന് തിരിച്ചടിയാണ്.ലാത്തിച്ചാര്‍ജ് നടന്നിട്ടില്ലെന്ന് റൂറല്‍ എസ് പി കെ ഇ ബൈജു റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ലാത്തിച്ചാര്‍ജ് നടന്നതായി ഒരു വിഷ്വല്‍ എങ്കിലും കാണിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒന്നര മണിക്കൂറോളം റോഡ് ബ്ലോക്കായതോടെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും കെ ഇ ബൈജു പറഞ്ഞു.

ഇന്നലെയാണ് കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ്-പോലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിൽ എം പിയ്ക്ക് മർദ്ദനമേറ്റത്. പോലീസ് ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും അടക്കം കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പോലീസുകാർക്കും പരിക്കേറ്റു. ഡിവൈഎസ്പിയുടെ കൈക്കാണ് പരിക്കേറ്റത്.

Be the first to comment

Leave a Reply

Your email address will not be published.


*