കൈ കൊടുക്കാൻ വരട്ടെ, ഹസ്തദാനം പടർത്തുന്ന അഞ്ച് രോ​ഗങ്ങൾ

പുതിയതായി ഒരാളെ പരിചയപ്പെടുമ്പോൾ നാം പലപ്പോഴും കൈനീട്ടി അവർക്ക് ഹസ്തദാനം നൽകാറുണ്ട്. ഇത് സൗഹൃദങ്ങൾ പുതുക്കാനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും സഹായിക്കും. എന്നാൽ ചുമ്മാ കേറി കൈ കൊടുക്കുന്നതിന് മുൻപ് ചില രോ​ഗ സാധ്യതകൾ കൂടിയാണ് നൽകുകയോ വാങ്ങുകയോ ചെയ്യുന്നതെന്ന് ചിന്തിക്കേണ്ടതായിട്ടുണ്ട്. ഇനി പറയുന്ന അഞ്ച് രോഗങ്ങള്‍ ഹസ്തദാനം വഴി പടരാവുന്നതാണ്.

ജലദോഷം

ജലദോഷമുള്ളപ്പോള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈകള്‍കൊണ്ട് തടയുന്നത് രോഗാണുക്കള്‍ കൈകളിൽ എത്താനും ഹസ്തദാനം നൽകുമ്പോള്‍ ഇത് മറ്റുള്ളവരിലേക്ക് പെട്ടെന്ന് പകരാനും കാരണമാകും. വെറുതെ മൂക്ക് തിരുമ്മിയാല്‍ കൂടി ഇത്തരം അണുക്കള്‍ കൈകളിലെത്താം.

ഇന്‍ഫ്‌ളുവന്‍സ

ഉയര്‍ന്ന തോതിലുള്ള പനി, ശരീരവേദന, കുളിര്‍, ക്ഷീണം, നിരന്തരമായ ചുമ എന്നിവയാണ് ഇന്‍ഫ്‌ളുവന്‍സയുടെ ലക്ഷണങ്ങള്‍. ഇൻഫ്ലുവൻസ ബാധിതരുടെ കൈകളിലും രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹസ്തദാനത്തിലൂടെ ഇൻഫ്ലുവൻസ പകരാൻ കാരണമായേക്കാം.

കണ്ണ് ദീനം

കണ്ണ് ദീനം അഥവാ കണ്‍ജക്ടീവിറ്റിസ് കൈകളിലൂടെ മറ്റുള്ളവരിലേക്ക് എളുപ്പം പടരാം. രോഗികള്‍ കണ്ണില്‍ സ്പര്‍ശിച്ച ശേഷം മറ്റൊരാളെ തൊടുമ്പോള്‍ അവരിലേക്ക് ഇതിന്റെ അണുക്കള്‍ പടരുന്നു.

ചര്‍മത്തിലെ അണുബാധകള്‍

ബാക്ടീരിയ, ഫംഗസ് എന്നിവ മൂലമുള്ള ചില ചര്‍മത്തിലെ അണുബാധകളും ഹസ്തദാനത്തിലൂടെ പകരാറുണ്ട്. ചര്‍മത്തിലെ ചെറിയ ചുവപ്പ്, കുരുക്കള്‍,ചൊറിച്ചില്‍ എന്നിങ്ങനെയാണ് ഈ അണുബാധയ്ക്ക് തുടക്കമാകുക. പിന്നീട് പലയിടത്തേക്കും പടരാനും വേദനയും നീരുമൊക്കെ ഉണ്ടാക്കാനും ഇത്തരം അണുബാധകള്‍ക്ക് സാധിക്കും.

ബാക്ടീരിയ മൂലമുള്ള അതിസാരം

ഇ-കോളി, സാല്‍മണെല്ല പോലുള്ള ഗുരുതര ബാക്ടീരിയകളും കൈകള്‍ വഴി പടരാം. വയറിന് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഈ ബാക്ടീരിയകള്‍ ഉണ്ടാക്കുന്നു. ഈ ബാക്ടീരിയ പുരണ്ട കൈ ഉപയോഗിച്ച് പ്രതലങ്ങളിലും വാതില്‍പ്പിടിയിലും മറ്റും രോഗി സ്പര്‍ശിച്ചാല്‍ അവിടെ നിന്ന് ഇതില്‍ തൊടുന്ന മറ്റുള്ളവരിലേക്ക് ബാക്ടീരിയ പകരാം. അതിസാരം, വയര്‍ വേദന, ഓക്കാനം, നിര്‍ജലീകരണം ഉള്‍പ്പെടെയുള്ള പല പ്രശ്‌നങ്ങളും ഈ ബാക്ടീരിയ ഉണ്ടാക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*