
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്ന് 85 നിലവാരത്തിലും താഴെയെത്തി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 27 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 84.96 എന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന് സൂചിപ്പിക്കുന്ന കണക്കുകളുമാണ് രൂപയ്ക്ക് തുണയായത്. വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നത് കൊണ്ട് ഓഹരി വിപണിയില്‍ റാലി തുടരുകയാണ്. ഇതിന് പുറമേ ഇന്ത്യയിലെ വ്യാവസായിക ഉല്‍പ്പാദനം മൂന്ന് ശതമാനം വര്‍ധിച്ചതായുള്ള കണക്കുകളുമാണ് പ്രധാനമായി രൂപയ്ക്ക് കരുത്തായത്. എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം വര്‍ധിച്ചാല്‍ അത് രൂപയെ ബാധിക്കാമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്നലെ രൂപ 18 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 85.23 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 65.41 ഡോളര്‍ എന്ന നിലയിലാണ്. അതിനിടെ ഓഹരി വിപണിയും നേട്ടം ഉണ്ടാക്കി. സെന്‍സെക്‌സ് 442 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്ക് അടുക്കുകയാണ്. റിലയന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടത്തിലാണ്.
Be the first to comment