
മുംബൈ: അതിര്‍ത്തിയില്‍ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടയിലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശനിക്ഷേപകരുടെ ആത്മവിശ്വാസത്തിന് ഇടിവ് സംഭവിച്ചിട്ടില്ലെന്ന് കണക്കുകള്‍. മെയ് മാസത്തില്‍ ഇതുവരെ ഓഹരി വിപണിയില്‍ വിദേശനിക്ഷേപകര്‍ 14,167 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന കണക്കുകളുമാണ് വിദേശനിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഏപ്രില്‍ മാസത്തില്‍ ഓഹരി വിപണിയില്‍ മൊത്തം 4,223 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ഇതിന് തൊട്ടുമുന്‍പുള്ള മൂന്ന് മാസ കാലയളവില്‍ നിക്ഷേപം പിന്‍വലിക്കല്‍ കണ്ട സാഹചര്യത്തില്‍ നിന്നാണ് ഈ മാറ്റം. മാര്‍ച്ചില്‍ 3,973 കോടിയും ഫെബ്രുവരിയില്‍ 34,574 കോടിയും ജനുവരിയില്‍ 78,027 കോടിയുമാണ് വിദേശനിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.
അതിനിടെ ഓഹരി വിപണിയില്‍ കഴിഞ്ഞയാഴ്ച എട്ടുമുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.60 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ആണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. വിപണി മൂല്യത്തില്‍ 59,799 കോടിയുടെ നഷ്ടമാണ് റിലയന്‍സ് നേരിട്ടത്. ഐസിഐസിഐ ബാങ്ക് ആണ് തൊട്ടുപിന്നില്‍. വിപണി മൂല്യത്തില്‍ 30,185 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ഐടിസി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ട മറ്റു കമ്പനികള്‍. എന്നാല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറും ഇന്‍ഫോസിസും നേട്ടം ഉണ്ടാക്കി.
Be the first to comment