
മുംബൈ: തുടര്‍ച്ചയായി ആറു ദിവസം മുന്നേറ്റം രേഖപ്പെടുത്തിയ ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 25000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്.
ഉയര്‍ന്ന വിലയില്‍ പ്രതീക്ഷയര്‍പ്പിച്ച് നിക്ഷേപകര്‍ ലാഭമെടുപ്പിന് തയ്യാറായതാണ് വിപണി ഇടിയാന്‍ കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഓട്ടോ, ബാങ്ക്, മെറ്റല്‍, ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. വിപണിയില്‍ 1246 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1661 കമ്പനികള്‍ നഷ്ടം നേരിട്ടു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോകോര്‍പ്പ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. സണ്‍ ഫാര്‍മ, ട്രെന്റ്, ഭാരത് ഇലക്ട്രോണിക്‌സ്, എം ആന്റ് എം ഓഹരികള്‍ നേട്ടം സ്വന്തമാക്കി.
ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നത്. 25 ശതമാനം അധിക തീരുവ കൂടി അമേരിക്ക ഏര്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം വിപണിയെ സ്വാധീനിക്കുന്നതായി വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അതിനിടെ ഓഹരി വിപണിയുടെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറിയ രൂപയും താഴേക്ക് പോയി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 11 പൈസയുടെ നഷ്ടത്തോടെ 87.36 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 67.55 ഡോളര്‍ എന്ന നിലയിലാണ്.
Be the first to comment