വ്യാജ പ്രീ പോൾ ഫലം പങ്കുവെച്ച സംഭവം; ആർ ശ്രീലേഖയ്ക്കെതിരെ തുടർനടപടി ഉണ്ടാകും; കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

വ്യാജ പ്രീ പോൾ ഫലം ഫേസ്ബുക്കിലിട്ട ശാസ്തമംഗലത്തെ ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖയ്ക്കെതിരെ തുടർനടപടി ഉണ്ടാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. സൈബർ സെല്ലിൽ നിർദേശം നൽകുകയും കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകും. പോസ്റ്റ് ഷെയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പോസ്റ്റ്‌ പിൻവലിച്ചതായി വിവരം ലഭിച്ചു, അത് മാറ്റാനായി നിർദേശം നൽകിയെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.

സംസ്ഥാനത്തെ ആദ്യഘട്ട വോട്ടിങ് അവസാനിച്ചു. രാത്രി എട്ടു മണിയോടെ അവസാന പോളിംഗ് ശതമാനം അറിയാൻ കഴിയും. 75% ത്തോളം പോളിംഗാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ആലപ്പുഴ മണ്ണഞ്ചേരി തെക്കുഭാഗം ഹൈ സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ വോട്ടിംഗ് തടസ്സപ്പെട്ടു. ഇവിടെ റീപോളിംഗ് മറ്റന്നാൾ നടക്കും. ബി എസ് പി സ്ഥാനാർഥിയുടെ പേരും ചിഹ്നവും വോട്ടിംഗ് മെഷീനിൽ തെളിഞ്ഞില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

വോട്ടെടുപ്പ് വളരെ സമാധാനപരമായി തന്നെയാണ് നടന്നത്. എല്ലാ ഉദ്യോഗസ്ഥരെയും കമ്മീഷൻ അഭിനന്ദിക്കുന്നു. ഇതേ ക്രമീകരണം തന്നെയായിരിക്കും നാളെയും മറ്റന്നാളും ഉണ്ടാകുക. ശനിയാഴ്ച 244 വോട്ടെണ്ണൽ കേന്ദ്രത്തിലും 14 ജില്ലാ കളക്ടറേറ്റിലുമായിരിക്കും രാവിലെ 8 മണിയോടുകൂടി വോട്ടെണ്ണൽ നടക്കുക. ജില്ലാ കളക്ടറേറ്റിൽ ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റൽ ബാലറ്റ് മാത്രമായിരിക്കും എണ്ണുക. ഗ്രാമ – ബ്ലോക്ക് പഞ്ചായത്തിലെ വോട്ടുകൾ ബ്ലോക്ക് തലത്തിൽ ക്രമീകരിച്ചിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നടക്കുമെന്നും ഉച്ചയോടുകൂടി വോട്ടെണ്ണൽ പൂർത്തിയാക്കാൻ കഴിയുമെന്നും എ ഷാജഹാൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*