‘പാര്‍ട്ടിയുമായി യാതൊരു പ്രശ്‌നവുമില്ല, താന്‍ സംതൃപ്‌തനാണ്’: ശശി തരൂര്‍

ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി ശശി തരൂര്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായാണ് കൂടിക്കാഴ്‌ച നടത്തിയത്. പാര്‍ലമെന്‍റിലെ ഖാര്‍ഗെയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്‌ച.

ഏകദേശം 30 മിനിറ്റോളം നീണ്ട ചര്‍ച്ചയില്‍ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും ചര്‍ച്ചയായി. കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ചുള്ള തന്‍റെ ഭാഗം വ്യക്തമാക്കുന്നതിനായിട്ടാണ് തരൂര്‍ നേതാക്കളെ നേരില്‍ കണ്ടത്. നിലവില്‍ അസ്വാരസ്യങ്ങള്‍ പരിഹരിച്ച് ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.

‘പാര്‍ട്ടിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും എല്ലാം പരിഹരിച്ചൂവെന്നും അദ്ദേഹം പറഞ്ഞും. താനും പാര്‍ട്ടിയും ഒരേ ദിശയിലാണ്. എല്ലാം കാര്യങ്ങളും നേതൃത്വത്തോട് നേരിട്ട് പറഞ്ഞൂവെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താനുണ്ടാകുമെന്നും’ ശശി തരൂര്‍ പറഞ്ഞു.

വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നിനായി നടന്ന സുപ്രധാന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍‍ തരൂര്‍ പങ്കെടുത്തിരുന്നില്ല. നേതാക്കളുമായുണ്ടായ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ വിഷയത്തില്‍ ഉയര്‍ന്ന ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചിരുന്നു. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് താന്‍ നേരത്തെ തീരുമാനിച്ചതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുമായി തനിക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും എന്നാലത് നേതൃത്വത്തോട് നേരിട്ട് സംസാരിക്കുമെന്നുമാണ് ശശി തരൂര്‍ നേരത്തെ കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*