‘പാകിസ്താന് അര്‍ഹമായ ഒരു തുള്ളി വെള്ളം പോലും തട്ടിയെടുക്കാന്‍ ഇന്ത്യയെ അനുവദിക്കില്ല’; ഷഹബാസ് ഷരീഫ്

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപന പരാമര്‍ശവുമായി പാകിസ്താന്‍. സിന്ധു നദിയിലെ വെള്ളം തടയുന്നത് യുദ്ധമായി കണക്കാക്കുമെന്നും ഇന്ത്യയെ വീണ്ടും പാഠം പഠിപ്പിക്കുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. ഇസ്ലാമാബാദില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് വിവാദ പരാമര്‍ശം. പാകിസ്താന് അര്‍ഹമായ ഒരു തുള്ളി വെള്ളം പോലും തട്ടിയെടുക്കാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്നാണ് വ്യക്തമാക്കിയത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായുള്ള കടുത്ത നടപടികളുടെ ഭാഗമായാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത്. ഈ വിഷയം മുന്‍നിര്‍ത്തിയാണ് ഷഹബാസ് ഷരീഫ് കടുത്ത ഭാഷയില്‍ ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. പാക് സൈനിക മേധാവി അസിം മുനീര്‍, പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ എന്നിവര്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഷഹബാസ് ഷരീഫിന്റെയും ഭീഷണി.

ഞങ്ങള്‍ക്ക് വെള്ളം തരുന്നത് നിര്‍ത്തുമെന്നാണ് ഭീഷണി. അത്തരമൊരു നീക്കത്തിന് ശ്രമിച്ചാല്‍ ഒരിക്കലും മറക്കാത്ത പാഠം പാകിസ്താന്‍ നിങ്ങളെ പഠിപ്പിക്കും – ഷരീഫ് പറഞ്ഞു. ജലത്തെ ജീവരേഖ എന്നാണ് ഷരീഫ് വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര ഉടമ്പടി പ്രകാരമുള്ള, രാജ്യത്തിന്റെ അവകാശങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുമെന്നായിരുന്നു ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന. ഇതിനായി പാകിസ്താനിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ബിലാവല്‍ ഭൂട്ടോ വ്യക്തമാക്കി. സിന്ധു നദിയിലെ ജലം ഇന്ത്യ തടയുകയാണെങ്കില്‍ അത് പാകിസ്താനിലെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്നും, ഇത് പാകിസ്താന്റെ സംസ്‌കാരത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിക്കുമെന്ന് പലതവണ പറഞ്ഞിട്ടുണ്ടെന്നും, അത്തരമൊരു നടപടിയുണ്ടായാല്‍ യുദ്ധം ചെയ്യുമെന്നുമാണ് ഭീഷണി.

Be the first to comment

Leave a Reply

Your email address will not be published.


*