
കൊച്ചി: ലഹരി പദാര്‍ഥം ഉപയോഗിച്ചെന്ന കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യത്തില്‍ പുറത്തിറങ്ങി. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാതാപിതാക്കളുടെ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്.
പുറത്തിറങ്ങിയ ഷൈന്‍ മാധ്യമങ്ങള്‍ മുഖം കൊടുക്കാതെ തിരികെ പോവുകയായിരുന്നു. ലഹരി മരുന്നിന്റെ ഉപയോഗം എന്‍ഡിപിഎസ് നിയമത്തിന്റെ വകുപ്പ് 27 പ്രകാരം കുറ്റകരമാണ്. ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമാണെന്ന് സെക്ഷന്‍ 29 വ്യവസ്ഥ ചെയ്യുന്നു.
അതേസമയം, ഷൈന്റെ മൊഴികള്‍ വീണ്ടും പൊലീസ് പരിശോധിക്കും. മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ആവശ്യമെങ്കില്‍ പൊലീസ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും. ലഹരി ഉപയോഗത്തെ തുടര്‍ന്ന് താന്‍ നേരത്തെ ഡീ- അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിരുന്നതായി നടന്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞതായാണ് വിവരം. കഴിഞ്ഞ വര്‍ഷം അച്ഛന്‍ ഇടപെട്ടാണ് കൂത്താട്ടുകുളത്തെ ഡീ-അഡിക്ഷന്‍ സെന്ററിലാക്കിയത്. 12 ദിവസത്തിന് ശേഷം അവിടെനിന്ന് മടങ്ങിയെന്നും നടന്‍ പൊലീസിനോട് പറഞ്ഞു.
ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍, താന്‍ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ശനിയാഴ്ച പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ലഹരി ഉപയോഗം നടന്‍ സമ്മതിച്ചത്. രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും താന്‍ ഉപയോഗിക്കാറുണ്ടെന്നാണ് നടന്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, ഹോട്ടലില്‍ പൊലീസ് സംഘം എത്തിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നും തന്റെ കൈവശം ലഹരി പദാര്‍ഥങ്ങള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് നടന്‍റെ മൊഴി.
Be the first to comment