ഷൈനി മക്കളുമായി ആത്മഹത്യ ചെയ്ത സംഭവം, കാരണം നോബിയുടെ പീഡനം; പോലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും

 ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ നോബിക്കെതിരെ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും. ഭർത്താവിൽ നിന്നുള്ള ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് കാരണമായതെന്ന് കുറ്റപത്രത്തിൽ പോലീസ് പറയുന്നു.

ഷൈനിയുടെ ആത്മഹത്യാക്കുറിപ്പിൽ നോബിയുടെ പീഡനങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നതായി ഷൈനി സുഹൃത്തുക്കൾക്ക് അയച്ച ഓഡിയോ സന്ദേശങ്ങളിലും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പൊലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്. ഏറ്റുമാനൂർ പോലീസ് സമർപ്പിക്കുന്ന കുറ്റപത്രത്തിൽ അമ്പതോളം സാക്ഷികളുടെ മൊഴികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷൈനിയുടെ മകനും ട്രെയിൻ ഓടിച്ച ലോക്കോപൈലറ്റും ഇതിൽ സാക്ഷികളാണ്. 170 ആം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം നൽകുന്നത്.

നോബിയുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങിയതിനു ശേഷവും ഷൈനിയെ നോബി നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. ആത്മഹത്യ നടന്ന ദിവസവും നോബി ഷൈനിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ സാമ്പത്തിക പ്രശ്നങ്ങളും ഷൈനിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു.

നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കായി ഷൈനി ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ യൂണിറ്റിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപ വായ്പ എടുത്തിരുന്നു. ഭർതൃവീട്ടിൽ നിന്ന് മടങ്ങിയതോടെ തിരിച്ചടവ് മുടങ്ങി. കുടുംബശ്രീ അംഗങ്ങൾ പണം ആവശ്യപ്പെട്ടപ്പോൾ ഭർത്താവിൽ നിന്ന് പണം വാങ്ങിത്തരണമെന്ന് ഷൈനി ആവശ്യപ്പെട്ടെങ്കിലും നോബിയുടെ കുടുംബം അതിന് തയ്യാറായില്ല.

Be the first to comment

Leave a Reply

Your email address will not be published.


*