
കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ അപകടത്തിൽ സമഗ്രമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിറക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണം. അഞ്ച് പേര്‍ മരിച്ചത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനില്‍ക്കുകയാണ്. ഇതില്‍ വ്യക്തതയുണ്ടാകണം. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണം വി ഡി സതീശൻ പറഞ്ഞു.
നിലവില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്ന രോഗികളെല്ലാം ഒരു നിവൃത്തിയും ഇല്ലാത്ത സാധാരണക്കാരാണ്. അവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അപകടമുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അതിനു വേണ്ടിയുള്ള ഒരു നിര്‍ദേശവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇത് ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പരാജയമാണ്. ദിവസേന പതിനായിരക്കണക്കിന് രോഗികള്‍ എത്തുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫയര്‍ ആന്‍ഡ് സേഫ്ടി വിഭാഗം ഇല്ലാത്തതും അത്ഭുതകരമാണ്. ഇതേക്കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Be the first to comment