ആക്‌സിയം 4 ദൗത്യസംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി; ഇന്ത്യക്കിത് അഭിമാന നിമിഷം

ഹൈദരാബാദ്: ആക്‌സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി 18 ദിവസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ശേഷം ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള നാലംഗ സംഘം ഭൂമിയിൽ തിരിച്ചെത്തി. ഇന്ന്(ജൂലൈ 15) ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിയോടെയാണ് നാലംഗ സംഘത്തെ വഹിക്കുന്ന സ്‌പേസ്‌ എക്‌സിന്‍റെ ഡ്രാഗൺ പേടകം സുരക്ഷിതമായി ലാൻഡിങ് നടത്തിയത്. കാലിഫോർണിയക്കടുത്തുള്ള പസഫിക് സമുദ്രത്തിലാണ് പേടകം പതിച്ചത്.

ബഹിരാകാശ നിലയവും പേടകവുമായുള്ള ബന്ധം വേർപ്പെടുത്തുന്ന അൺഡോക്കിങ് പ്രക്രിയ ഇന്നലെ ഇന്ത്യൻ സമയം 4.45 ഓടെയാണ് വിജയകരമായി പൂർത്തിയാക്കിയത്. തുടർന്ന് ഭൂമിയിലേക്ക് യാത്ര തിരിച്ച സംഘം ഏകദേശം ഇരുപത്തി രണ്ടര മണിക്കൂർ സമയമെടുത്താണ് ഭൂമിയിലെത്തി ചേർന്നത്. ക്രൂ അംഗങ്ങളെ കരയിലേക്ക് എത്തിക്കുന്നതാണ് അടുത്ത പ്രക്രിയ. പ്രാഥമിക ആരോഗ്യ പരിശോധനകൾക്ക് ശേഷം നാസയുടെ ഹ്യൂസ്റ്റണിലുള്ള ജോൺസൺ സ്‌പേസ് സെന്‍ററിലേക്ക് ഇവരെ മാറ്റും.

ഇതോടെ നാല് രാജ്യങ്ങൾ കൈകോർത്ത സ്വകാര്യ ബഹിരാകാശ ദൗത്യമാണ് ആക്‌സ് 4 വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള ശുഭാംശു ശുക്ലക്കൊപ്പം നാസയുടെ മുതിർന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സൺ, ഹംഗറി സ്വദേശി ടിബോർ കാപു, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്‌നാൻസ്‌കി എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

ഇനിയെന്ത്?
ക്രൂ അംഗങ്ങളെ കരയിലേക്ക് മാറ്റും. ഭൂമിയിൽ തിരിച്ചെത്തിയ ആക്‌സിയം 4 അംഗങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കുറച്ച് ദിവസങ്ങൾ കൂടെ കാത്തിരിക്കണം. 7 ദിവസത്തെ പുനരധിവാസ പദ്ധതിക്ക് വിധേയരാക്കിയ ശേഷമായിരിക്കും ഇവരെ വീട്ടിലേക്ക് മടക്കിയയക്കുക. മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞതിനാൽ തന്നെ ഇവർക്ക് ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. ഇത് കണക്കിലെടുത്താണ് 7 ദിവസത്തെ പുനരധിവാസ പരിപാടിക്ക് വിധേയരാക്കുന്നത്.

ആക്‌സിയം 4 ദൗത്യം വിജയം:
നാസയുടെ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയില്‍ നിന്ന് 2025 ജൂൺ 25ന് ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12നായിരുന്നു വിക്ഷേപണം. സ്‌പേസ്‌എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്. 14 ദിവസത്തെ ദൗത്യമായിരുന്നെങ്കിലും പിന്നീട് 18 ദിവസത്തേക്ക് നീളുകയായിരുന്നു.

‘ആക്‌സിയം സ്പേസ്’ എന്ന സ്വകാര്യ കമ്പനി നടത്തുന്ന ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്ര ദൗത്യമാണിത്. നാസ, സ്‌പേസ് ഐഎസ്‌ആർഒ, യൂറോപ്യൻ സ്‌പേസ് ഏജൻസി എന്നിവരുമായി സഹകരിച്ചാണ് ആക്‌സിയം സ്പേസ് സർക്കാർ പിന്തുണയോടെ ആക്‌സ്-4 ദൗത്യം നടത്തുന്നത്. അമേരിക്ക, ഇന്ത്യ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളാണ് ദൗത്യത്തിന്‍റെ ഭാഗമായത്.

പല സാങ്കേതിക കാരണങ്ങളും ചൂണ്ടിക്കാട്ടി നിരവധി തവണ മാറ്റിവെച്ച ദൗത്യമായിരുന്നു ഇത്. ഫാൽക്കൺ 9 റോക്കറ്റിലെ ഓക്‌സിജൻ ചോർച്ചയും പ്രതികൂല കാലാവസ്ഥയും തീയതി മാറ്റുന്നതിന് കാരണമായിരുന്നു. മെയ് 29 നായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. പിന്നീട് ആറ് തവണകളിലായി മാറ്റിവെച്ച ദൗത്യം ജൂൺ 25ന് ലോഞ്ച് ചെയ്‌തു.

നടത്തിയത് 60ഓളം പരീക്ഷണങ്ങൾ:
ബഹിരാകാശ നിലയത്തിൽ ശുക്ലയും സംഘവും 230 സൂര്യോദയങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 60 പരീക്ഷണങ്ങളാണ് സംഘം ബഹിരാകാശ നിലയത്തില്‍ നടത്തിയത്. ശാസ്ത്രീയ ഗവേഷണം, ആശയവിനിമയം, വാണിജ്യ പ്രവർത്തനങ്ങൾ എന്നീ ലക്ഷ്യങ്ങളുമായാണ് ദൗത്യം വിക്ഷേപിച്ചത്. ആഗോളതലത്തിൽ ദേശീയ ബഹിരാകാശ പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നതാണ് ആക്‌സ്-4 ദൗത്യം.

ഇന്ത്യയ്‌ക്ക് ആക്‌സ്-4 ദൗത്യം എന്തുകൊണ്ട് പ്രധാനപ്പെട്ടതാകുന്നു?
2035 ഓടെ സ്വന്തമായി ബഹിരാകാശ നിലയം എന്ന ഇന്ത്യയുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിനും 2047ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശയാത്രികരെ അയയ്ക്കുന്നതിനും ആക്‌സ്-4 ദൗത്യം നിർണായക പങ്കുവഹിക്കും. മൈക്രോഗ്രാവിറ്റി ഗവേഷണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഏഴ്‌ പരീക്ഷണങ്ങൾ ആക്‌സ്-4 ദൗത്യത്തിൽ പോയ ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിൽ നടത്തി. മൈക്രോഗ്രാവിറ്റി സാഹചര്യങ്ങളിൽ ശുഭാംശു ഉലുവയും ചെറുപയറും മുളപ്പിച്ചിരുന്നു. വിത്ത് മുളക്കലിനെയും ചെടികളുടെ പ്രാരംഭ വളർച്ചയെയും മൈക്രോഗ്രാവിറ്റി എങ്ങനെ സ്വാധീനിക്കും എന്നറിയാനുള്ള ഗവേഷണത്തിൻ്റെ ഭാഗമായിരുന്നു ഈ പരീക്ഷണം.

ആരാണ് ശുഭാംശു ശുക്ല?
ഉത്തർപ്രദേശ് സ്വദേശിയാണ് ശുഭാംശു ശുക്ല. 1985 ഒക്ടോബർ 10ന് ലഖ്‌നൗവിലാണ് ജനനം. ഇന്ത്യൻ വ്യോമസേനയുടെ (IAF) ഗ്രൂപ്പ് ക്യാപ്റ്റനായി സേവനമനുഷ്‌ഠിക്കുകയാണ് അദ്ദേഹം. ഇദ്ദേഹമാണ് ആക്‌സ്-4 ദൗത്യത്തിലെ പൈലറ്റായി പ്രവർത്തിച്ചത്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലേക്കും അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ശുഭാംശു ശുക്ലയ്‌ക്ക് 2,000 മണിക്കൂറിലധികം വ്യോമമാർഗം സഞ്ചരിച്ച പരിചയസമ്പത്തുണ്ട്. കൂടാതെ നിരവധി വിമാനങ്ങളും അദ്ദേഹം പറത്തിയിട്ടുണ്ട്.

ചരിത്രമെഴുതി ശുഭാംശു:
1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ ഇന്ത്യക്കാരനായ രാകേഷ് ശർമ്മ നടത്തിയ ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്‌ത രണ്ടാമത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം. മാത്രമല്ല, ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ശുക്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നിമിഷമാണ്. 2027ൽ ഭ്രമണപഥത്തിലെത്താൻ പോകുന്ന ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാന് നിർണായകമായിരിക്കും ശുഭാംശു ബഹിരാകാശ നിലയത്തിൽ നടത്തിയ പരീക്ഷണങ്ങളും അദ്ദേഹത്തിന്‍റെ അനുഭവ സമ്പത്തും. മാത്രമല്ല, ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമെന്ന് സ്വപ്‌നത്തിലേക്കും ഇതൊരു സുപ്രധാന ചുവടുവെയ്‌പ്പാവും.

Be the first to comment

Leave a Reply

Your email address will not be published.


*