‘നമ്മൾ നേടി; അമ്മ ഒരു സ്ത്രീ ആകണം എന്ന് എല്ലാവരും പറഞ്ഞു, ഇപ്പോൾ ആയി’; ശ്വേത മേനോൻ

താര സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിച്ച് ശ്വേത മേനോൻ. താര സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. നമ്മൾ നേടിയെന്നും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നും ശ്വേത മേനോൻ പറഞ്ഞു. അമ്മ ഒരു സ്ത്രീ ആകണം എന്ന് എല്ലാവരും പറഞ്ഞു. ഇപ്പോൾ ഒരു സ്ത്രീ ആയിരിക്കുന്നുവെന്നു ശ്വേത  പറഞ്ഞു.

വളരെ അധികം സന്തോഷത്തിലാണെന്ന് ശ്വേത മേനോൻ പറഞ്ഞു. മാറ്റങ്ങൾക്ക് വേണ്ടി തങ്ങൾ പ്രവർത്തിക്കുമെന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കരുതെന്നും ശ്വേത പറഞ്ഞു. 159 വോട്ടുകൾ നേടിയാണ് ശ്വേത അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. കുക്കു പരമേശ്വരനെയാണ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 172 വോട്ടുകളോടെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ തിരഞ്ഞെടുക്കപ്പെട്ടത്.

ട്രഷറർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉണ്ണി ശിവപാലും ജയിച്ചു.വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ജയൻ ചേർത്തലെയയും ലക്ഷ്മി പ്രിയയെയും തിരഞ്ഞെടുത്തു. സരയു, ആശ അരവിന്ദ്, നീന കുറുപ്പ് വനിത എക്സിക്യൂട്ടീവ്. സന്തോഷ്‌ കീഴറ്റൂർ, ജോയ് മാത്യു, വിനു മോഹൻ, കൈലാഷ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആകെ 504 അംഗങ്ങൾ ഉള്ളതിൽ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തിൽ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്‌, ആസിഫ് അലി തുടങ്ങിയ താരങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.

Be the first to comment

Leave a Reply

Your email address will not be published.


*