നിങ്ങൾ വാങ്ങുന്ന പാലിൽ മായം കലർന്നിട്ടുണ്ടോ? കണ്ടെത്താൽ സിംപിൾ ട്രിക്സ്

ഭക്ഷണപദാർഥങ്ങളിൽ മായം കലർന്നതുമായി ബന്ധപ്പെട്ട വാർത്തകൾ നമ്മൾ ദിവസവും കേൾക്കാറുണ്ട്. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരത്ത് മായം കലർന്ന് പാൽ കുടിച്ച് നാല് മരണമാണ് സംഭവിച്ചത്. കാൽസ്യം, പ്രോട്ടീൻ ഉൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയ പാല്‍ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. എന്നാൽ ഇതിൽ മായം കലർന്നിട്ടുണ്ടോയെന്ന് എങ്ങനെ മനസിലാക്കാം?

നൂറ് ശതമാനം ശുദ്ധമാണെന്ന് പറഞ്ഞ് വിപണിയില്‍ ഇറങ്ങുന്ന പാലില്‍ പലതരം മായം കലര്‍ന്നിരിക്കാനിടയുണ്ട്. യൂറിയ, ഡിറ്റര്‍ജന്റുകള്‍, സോപ്പ്, ഹൈഡ്രജന്‍ പെറോക്‌സൈഡ്, സ്റ്റാര്‍ച്ച്, സോഡിയം ഹെഡ്രഡന്‍ കാര്‍ബണേറ്റ് തുടങ്ങിയ ദോഷകരമായ വസ്തുക്കള്‍ ചേര്‍ന്നിട്ടുണ്ടാവാം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

യൂറിയ

പ്രധാനമായും പാലിൽ കലർത്തുന്ന ഒരു മായമാണ് യൂറിയ. പാലിന് കൊഴുപ്പ് തോന്നിപ്പിക്കാനും നിറം വര്‍ധിക്കാനുമാണ് യൂറിയ ചേർക്കുന്നത്. ഇത് കുടലിനെയും ദഹനവ്യവസ്ഥയെയും നശിപ്പിക്കുന്നു. പാലിൽ യൂറിയയുടെ സാന്നിധ്യം ഛർദ്ദി, ഓക്കാനം, ഗ്യാസ്ട്രൈറ്റിസ് എന്നിവയ്ക്ക് കാരണമാകുന്നു. ഇതെങ്ങനെ കണ്ടെത്താമെന്നല്ലേ?

ഒരു ടീസ്പൂണ്‍ പാല്‍ എടുത്ത് ഒരു ടെസ്റ്റ് ട്യൂബിലേക്ക് ഒഴിക്കുക. അതിലേക്ക് അര ടീസ്പൂണ്‍ സോയബീന്‍ പൗഡര്‍ ചേര്‍ക്കുക. അഞ്ച് മിനിറ്റിന് ശേഷം ഒരു ചുവന്ന ലിറ്റ്മസ് പേപ്പര്‍ ഇതിലേക്ക് മുക്കുക. ലിറ്റ്മസ് പേപ്പറിന്റെ നിറം നീലയാണെങ്കില്‍ അതില്‍ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാം.

പാലിലെ വെള്ളം കണ്ടെത്താം

പാലിൽ ഏറ്റവും സാധാരണമായി ചേർക്കുന്ന മായം വെള്ളമാണ്. ഇത് പാലിന്റെ അളവു കുറയ്ക്കുന്നു. എന്നാൽ വെള്ളം ചേർക്കുന്നത് പാലിന്റെ പോഷക മൂല്യം കുറയ്ക്കും. മലിനമായ വെള്ളം കോളറ, ടൈഫോയ്ഡ്, പോളിയോ, മെനിഞ്ചൈറ്റിസ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ ഹാനികരമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം. കൊഴുപ്പ് കൂടിയ പാലിൽ ആണ് സാധാരണയായി വെള്ളം ചേർക്കുന്നത്.

കണ്ടെത്താൻ വഴിയുണ്ട്:

ഒരു മിനുസമുള്ള ചരിഞ്ഞ പ്രതലത്തില്‍ ഒരു തുള്ളി പാല് പുരട്ടുക. ശുദ്ധമായ പാലാണെങ്കില്‍ ഒരു വെളുത്ത അടയാളത്തോടൊപ്പം സാവധാനം ഒഴുകി പോകും. ഒരു അടയാളവും ഇല്ലാതെ ഒഴുകി പോകുന്ന പാലാണെങ്കില്‍ അതില്‍ വെള്ളം കലര്‍ന്നിട്ടുണ്ടാവും.

ഡിറ്റര്‍ജന്റ്

പാലിൻ്റെ കൊഴുപ്പ് കൂട്ടാനാണ് പലരും ഡിറ്റർജറ്റ് ചേർക്കുന്നത്. അവ കുടൽ, ദഹനവ്യവസ്ഥ എന്നിവയെ നശിപ്പിക്കുന്നു. ഡിറ്റർജന്റുകളിൽ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ ഡയോക്സൈൻ, സോഡിയം ലോറൽ സൾഫേറ്റ്, ഫോസ്ഫേറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഡയോക്‌സൈൻ കാൻസറിന് കാരണമാകുന്ന പദാർത്ഥമാണ്. ഫോസ്ഫേറ്റുകൾ ഓക്കാനം, ചർമത്തിലെ പ്രകോപിപ്പിക്കലുകൾ എന്നിവയിലേക്ക് നയിക്കുന്നു.

കണ്ടെത്താൻ വഴിയുണ്ട്

പാലും തുല്യ അളവില്‍ വെള്ളവും എടുക്കുക. മിശ്രിതം നന്നായി കുലുക്കുക. പാലില്‍ ഡിറ്റര്‍ജന്റ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതില്‍ അതില്‍ കട്ടിയുള്ള നുര ഉണ്ടാവും. ശുദ്ധമായ പാലില്‍ നേര്‍ത്ത നുരയുടെ പാളി മാത്രമേ ഉണ്ടാവുകയുളളൂ.

സ്റ്റാര്‍ച്ച്

പാലിന് കൊഴുപ്പ് തോന്നിക്കുന്നതിന് ഗോതമ്പ്, അരി പോലുള്ളവയുടെ സ്റ്റാർച്ച് പാലിൽ ചേർക്കാറുണ്ട്. ഇത് പാലിൻ്റെ പോഷകമൂല്യം കുറയ്ക്കുന്നതിനൊപ്പം വയറിളക്കം, ഛർദി എന്നിവയ്ക്കും കാരണമാകും. അന്നജത്തിന്റെ അളവ് കൂടിയാൽ പ്രമേഹ രോഗികൾക്ക് മാരകമായേക്കാം.

കണ്ടെത്തേണ്ടതെങ്ങനെ

രണ്ടോ മൂന്നോ മില്ലി പാല്‍ 5 മില്ലി ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. തണുത്ത ശേഷം രണ്ട് മൂന്ന് തുള്ളി അയോഡിന്‍ ടിന്‍സര്‍ ചേര്‍ക്കുക. നീല നിറം ഉണ്ടെങ്കില്‍ അതില്‍ അന്നജത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് ഉറപ്പിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*