ഉമര്‍ മുഹമ്മദ് ഡല്‍ഹി സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സഹോദരന്റെ ഭാര്യ മുസമില അക്തര്‍. ഉമര്‍ ശാന്ത സ്വഭാവക്കാരനാണ്. വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായതെന്നും അവര്‍ പറഞ്ഞു.
ഉമര്‍ ശാന്ത സ്വഭാവക്കാരനാണ്. അധികം സംസാരിക്കാറില്ല. ഒന്നിലും ഇടപെടാറില്ല. അധികം സുഹൃത്തുക്കളുമില്ല. വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായത്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി സംസാരിച്ചത്. അവനെ ഡോക്ടറാക്കുന്നതിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് – സഹോദരന്റെ ഭാര്യ പറയുന്നു.
അതേസമയം, ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദെന്നാണ് സൂചന. പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ജെയ്‌ഷെ ഭീകരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഫരീദാബാദില്‍ സ്‌ഫോടകവസ്തുക്കളുമായി പിടിയിലായ ഡോക്ടേഴ്‌സുമായി ഉമര്‍ മുഹമ്മദിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഉമറിന്റെ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുകയാണ്.
കൂട്ടാളികള്‍ അറസ്റ്റിലായതോടെ പരിഭ്രാന്തിയിലായ ഉമര്‍ വേഗത്തില്‍ ആസൂത്രണം ചെയ്തതാണ് ചാവേറാക്രമണമെന്നാണ് വിവരം. ഉമറിനൊപ്പം കാറില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നും പരിശോധിക്കുന്നു. ഇയാളുടെ മാതാവും സഹോദരങ്ങളും ഉള്‍പ്പെടെയുള്ളവരെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഫരീദാബാദ് സംഘത്തില്‍പ്പെട്ടയാളാണ് ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്ന സൂചനയും പുറത്തുവരുന്നുണ്ട്. പാക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദുമായി ഫരീദാബാദ് സംഘത്തിന് അടുത്ത ബന്ധമുണ്ടെന്ന തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു.
ഫരീദാബാദില്‍ കണ്ടെടുത്ത സ്‌ഫോടക വസ്തുക്കള്‍ സംബന്ധിച്ചുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ട് അന്വേഷണത്തില്‍ നിര്‍ണായകമാകും. സ്‌ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് അമോണിയം നൈട്രേറ്റ് സാന്നിധ്യം കണ്ടെത്തിയെന്നാണ് വിവരം. ഇതുള്‍പ്പെടെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി ശക്തമായ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍.



Be the first to comment