55 വയസ്സ് പിന്നിട്ടിട്ടും കന്യാസ്ത്രീ വേഷത്തിൽ മത്സരത്തിനിറങ്ങി നേടിയ വിജയം ഇച്ഛാശക്തിയുടെ പ്രതീകം: ശിവൻകുട്ടി

സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റില്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ സിസ്റ്റര്‍ സബീനയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സബീനയുടെ നേട്ടം വിദ്യാഭ്യാസ വകുപ്പിന് തന്നെ അഭിമാനകരമാണെന്നും 55 വയസ്സ് പിന്നിട്ടിട്ടും, തന്റെ കന്യാസ്ത്രീ വേഷത്തില്‍ മത്സരത്തിനിറങ്ങി നേടിയ ഈ വിജയം ഇച്ഛാശക്തിയുടെ പ്രതീകമാണെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. ‘പ്രായമോ സാഹചര്യങ്ങളോ ഒരു ലക്ഷ്യത്തിനും തടസ്സമല്ലെന്ന് സിസ്റ്റര്‍ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുന്നു. തന്റെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ പ്രചോദനമാണ് ഈ അധ്യാപികയുടെ അര്‍പ്പണബോധം. സിസ്റ്റര്‍ സബീനയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.’ ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റില്‍ ശിരോവസ്ത്രമണിഞ്ഞ് ഹര്‍ഡില്‍സ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയ സിസ്റ്റര്‍ സബിയ കണ്ടുനിന്നവരെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ മത്സരം തുടങ്ങിയതോടെ അമ്പരപ്പ് ആവേശത്തിന് വഴിമാറി. സ്‌പോര്‍ട്‌സ് വേഷത്തില്‍ എത്തിയ മത്സരാര്‍ത്ഥികളെയെല്ലാം പിന്നിലാക്കിക്കൊണ്ട് സിസ്റ്റര്‍ സബീന വിജയത്തിലേക്ക് കുതിച്ചു. പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ച്ചവെച്ച സബീന സ്വര്‍ണക്കപ്പും കൊണ്ടായിരുന്നു കളം വിട്ടത്.

മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ കായിക അധ്യാപികയാണ് സിസ്റ്റര്‍ സബീന. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹര്‍ഡില്‍സില്‍ ദേശീയ മത്സരത്തിലും പങ്കെടുത്തിരുന്നു. കോളേജ് പഠന കാലത്ത് ഇന്റര്‍വേഴ്സിറ്റി മത്സരങ്ങളിലടക്കം അമ്പരപ്പിക്കുന്ന പ്രകടം കാഴ്ചവെക്കാറുണ്ടായിരുന്നു. എന്നാല്‍ അധ്യാപികയായതില്‍ പിന്നെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാന മീറ്റേഴ്സില്‍ ഇത്തരത്തിലൊരു അവസരം വിട്ടുകളയാന്‍ സബീനയ്ക്ക് തോന്നിയില്ല. അടുത്ത മാസം വിരമിക്കാനിരിക്കെയാണ് സബീന മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. വിരമിക്കുന്നതിന് മുന്‍പ് മത്സരത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഹര്‍ഡില്‍സില്‍ പങ്കെടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*