പിച്ചളപാളികള്‍ക്ക് പകരം ചെമ്പ് പാളി എന്നെഴുതി, മിനുട്‌സ് മനപ്പൂര്‍വം തിരുത്തി; പത്മകുമാറിനെതിരെ എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെതിരെ എസ്‌ഐടി. പാളികള്‍ കൊടുത്തുവിടാനുള്ള മിനുട്‌സില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനഃപൂര്‍വ്വമാണെന്ന് ഹൈക്കോടതിയെ അറിയിച്ചു. കട്ടിളപാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്‌ഐടി. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകള്‍ അട്ടിമറിക്കാന്‍ ഗോവര്‍ധനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമടക്കമുള്ള പ്രതികള്‍ ബംഗളൂരുവില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്‌ഐടി വ്യക്തമാക്കുന്നു.

സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് എസ്‌ഐടി കണ്ടെത്തല്‍. പാളികള്‍ പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തി. പിച്ചള പാളികള്‍ എന്നതിന് പകരം ചെമ്പ് എന്ന് എഴുതി. കൂടാതെ അനുവദിക്കുന്നു എന്ന വാക്കും സ്വന്തമായി എഴുതി ചേര്‍ത്തു. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് കൊടുത്തുവിടാനുള്ള തീരുമാനം ഉണ്ടായത്. കട്ടിളപാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിന്റെ വാദം എസ്‌ഐടി തള്ളി. അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യത്തിന് രേഖയില്ല, തന്ത്രിയുടെ അഭിപ്രായവും തേടിയില്ല, മഹസറില്‍ തന്ത്രി ഒപ്പിട്ടില്ല, അനുമതി നല്‍കിയിട്ടില്ല തുടങ്ങിയ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ കൊണ്ടുപോകുമ്പോഴോ തിരിച്ച് കൊണ്ടുവന്നപ്പോഴോ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രേഖകള്‍ പരിശോധിച്ചില്ലെന്നും പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ശബരിമല കേസ് ഹൈക്കോടതി പരിഗണനയിലിരിക്കെ അട്ടിമറി നടത്താന്‍ പ്രതികള്‍ ബംഗലൂരുവില്‍ ഒത്തുകൂടിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

Be the first to comment

Leave a Reply

Your email address will not be published.


*