രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി; 9ാം ദിവസവും രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍

ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി പ്രത്യേക അന്വേഷണം സംഘം. ഒമ്പതാം ദിവസവും എംഎല്‍എ ഒളിവില്‍ തന്നെ. അന്വേഷണം കാസര്‍ഗോഡ്, വയനാട് മേഖലകളിലേക്കും കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനത്തിന് പുറത്തേക്കും ഊര്‍ജിതമാക്കി.

രാഹുലിന്റെ സഹായികള്‍ ഉള്‍പ്പെടെ പോലിസ് കസ്റ്റഡിയിലാണ്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നും രാഹുലിലേക്ക് എത്താന്‍ കഴിയും എന്നാണ് അന്വേഷണസംഘത്തിന്റെ വിശ്വാസം. അതേസമയം, ഹൈക്കോടതി കൂടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങാനാണ് സാധ്യത. എന്നാല്‍ അതിനു മുന്‍പേ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തത് ഉള്‍പ്പെടെ രാഹുല്‍ എതിരായ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത് പ്രതി എംഎല്‍എ ആയത് കൊണ്ടെന്നാണ് കോടതി നിരീക്ഷണം. ഇന്നലെയും ഇന്നുമായി നടന്ന വിശദമായ വാദങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിനും തടസ്സമില്ല.

അടച്ചിട്ട കോടതിയില്‍ ആദ്യ ദിവസം മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം കേട്ടത് ഒരു മണിക്കൂറിലധികമാണ്. പരസ്പര ധാരണ പ്രകാരം നടത്തിയ ലൈംഗിക ബന്ധം എങ്ങനെ പീഡനമാകുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനമായിരുന്നുവെന്ന് തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. രാഷ്ട്രീയ പ്രേരിതമായ കേസെന്നായിരുന്നു അടുത്ത വാദം. എന്നാല്‍, അതിജീവിത ഗര്‍ഭിണിയായി ഇരിക്കുന്ന അവസ്ഥയില്‍ പോലും പീഡനം നടന്നുവെന്ന് പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. ഇതോടെ അന്വേഷണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ സഹകരിക്കുമെന്നായി പ്രതിഭാഗം. പക്ഷെ മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അങ്ങനെയാണ് കേസില്‍ വീണ്ടും ഇന്നലെ വാദം കേട്ടത്. ഇന്നലെയും അരമണിക്കൂറിലധികം വാദം കേട്ടു. അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത് ഇന്നലെയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*