സ്വർണ്ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി സംഘം കസ്റ്റഡിയിൽ വാങ്ങും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി സംഘം കസ്റ്റഡിയിൽ വാങ്ങും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളും കേസിലെ കൂടുതൽ തെളിവുകൾ തേടിയാകും കസ്റ്റഡിയിൽ വാങ്ങുക. തിങ്കളാഴ്ച കസ്റ്റ‍‍ഡി അപേക്ഷ സമർപ്പിക്കാനാണ് സാധ്യത.

തന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യതയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ആചാര ലംഘനം നടത്തി ഗൂഢാലോചനയിൽ പങ്കാളിയായി. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദേവസ്വം ബോർഡ് നിർദേശപ്രകാരം പാളികൾ നൽകിയപ്പോൾ തന്ത്രി മൗനാനുവാദം നൽകി. ദേവസ്വം മാനുവൽ പ്രകാരം ക്ഷേത്ര ചൈതന്യം കാത്തു സൂക്ഷിക്കാൻ ബാധ്യസ്ഥനായ തന്ത്രിയ്ക്ക് വീഴ്ചയുണ്ടായി എന്നതടക്കമുള്ള ​ഗുരുതര പരാമർശങ്ങളാണ് എസ് ഐ ടി, കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുളളത്.

അതേസമയം താൻ നിരപരാധിയാണെന്നും കേസിൽ കുടുക്കിയതാണെന്നുമാണ് തന്ത്രിയുടെ പ്രതികരണം. ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തിയതോടെയാണ് തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിലേക്ക് SIT കടന്നത്. ചോദ്യം ചെയ്യലിന് തന്ത്രി കണ്ഠരര് രാജീവരെ വിളിച്ചുവരുത്തുകയായിരുന്നു. തിരുവനന്തപുരത്ത് രാവിലെ പത്ത് മുതൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തന്ത്രിയെ ചോദ്യം ചെയ്തത്.ഇന്നലെ ഉച്ചതിരിഞ്ഞ് കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*