തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തി ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയെ തുടർന്ന് മരിച്ച ശിവപ്രിയയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ആർ ട്ടി ഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
ബന്ധുക്കളുടെ പരാതിയിൽ ശിവപ്രിയയുടെ മരണം അന്വേഷിക്കാൻ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ധർ ആയിരിക്കും അന്വേഷണം നടത്തുക. അന്വേഷണസംഘത്തെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഡിഎംഇ വ്യക്തമാക്കിയിരുന്നു.
ക്രിട്ടിക്കൽ കെയർ, ഇൻഫക്ഷൻ ഡിസീസ്, ഗൈനക്കോളജി വിഭാഗം മേധാവിമാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തും. ഡെർമറ്റോളജി വകുപ്പ് മേധാവിയും അന്വേഷണ സംഘത്തിൽ ഉണ്ടാകും. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് ആരോഗ്യമന്ത്രിയുടെ നിർദേശം.
ഇന്നലെയാണ് കരിയ്ക്കകം സ്വദേശി ശിവപ്രിയ അണുബാധയെ തുടർന്ന് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് 26 കാരിയായ ശിവപ്രിയ മരിച്ചത്. കഴിഞ്ഞ 22 നായിരുന്നു എസ് എ ടി ആശുപത്രിയിൽവെച്ച് ശിവപ്രിയയുടെ പ്രസവം. അവിടെ നിന്നാണ് അണുബാധ ഉണ്ടായത് എന്നാണ് ബന്ധുക്കളുടെ പരാതി. തുടർച്ചയായ ചികിത്സ പിഴവ് ആരോപണങ്ങളിൽ കടുത്ത നാണക്കേട് ഉണ്ടായ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചുള്ള അന്വേഷണത്തിലേക്ക് കടക്കുന്നത്.



Be the first to comment