മഴയാണെങ്കിലും വെയിലാണെങ്കിലും സണ്‍സ്ക്രീന്‍ മസ്റ്റ്, ചര്‍മത്തിലെ ഹൈപ്പര്‍പിഗ്മെന്‍റേഷന്‍ എങ്ങനെ മാറ്റാം

വേനൽകാലത്ത് മാത്രമല്ല, മഴക്കാലത്തും സൂര്യന്‍റെ യുവി രശ്മികൾ ചർമത്തിൽ ടാൻ ഉണ്ടാക്കാം. വെയിൽ ഇല്ലല്ലോ എന്ന് കരുതി സൺസ്ക്രീൻ പുരട്ടാതെ പുറത്തിറങ്ങിയാൽ മടങ്ങിയെത്തുമ്പോഴേക്കും മുഖം ആകെ കറുത്തു കരിവാളിച്ചിട്ടുണ്ടാകും. മേഘങ്ങള്‍ ഉണ്ടെങ്കിലും മൂടല്‍മഞ്ഞാണെങ്കിലും ഏതാണ്ട് 80 ശതമാനം അള്‍ട്രവൈലറ്റ് വികിരണങ്ങളും ഭൂമിയില്‍ പതിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

സൂര്യപ്രകാശം, ഹോർമോണൽ മാറ്റങ്ങൾ, ചർമത്തിലെ വീക്കം, മരുന്നുകൾ, ജനിതം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ഹൈപ്പർപിഗ്മെൻ്റേഷനു കാരണമാകാം. ഇത്തരത്തില്‍ അള്‍ട്രാവയലറ്റ് വികിരണം മൂലം ചർമത്തിൻ്റെ ചില ഭാഗങ്ങളിൽ ഉണ്ടാകുന്ന ഹൈപ്പര്‍പിഗ്മെന്റേഷനെ ഫോട്ടോമെലാനോസിസ് അല്ലെങ്കിൽ സണ്‍സ്‌പോട്ടുകള്‍, മെലാസ്മ എന്നാണ് അറിയപ്പെടുന്നത്. അള്‍ട്രാവയലറ്റ് വികിരണത്തെ തുടര്‍ന്ന് ചര്‍മത്തിലെ മെലാനിന്റെ ഉല്‍പാദനം അധികമാകുന്നതു മൂലമാണ് ഈ ഹൈപ്പർപി​ഗ്മെന്റേഷൻ ഉണ്ടാകുന്നത്.

സൺസ്ക്രീനുകളുടെ സംരക്ഷണം

കാലാവസ്ഥ നോക്കാതെ, പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ പതിവായി ഉപയോ​ഗിക്കുക എന്നതാണ് പ്രധാനം. ഓരോ രണ്ട് മണിക്കൂര്‍ ഇടവേളയിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. എസ്പിഎഫ് 40 ഉള്ള ബ്രോഡ്-സ്പെക്‌ട്രം സൺസ്‌ക്രീൻ അല്ലെങ്കില്‍ അതിന് മുകളിലേക്കുള്ളവ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഹൈപ്പര്‍ പിഗ്മെന്റേഷന്‍ മറികടക്കാന്‍ കെമിക്കല്‍ പീല്‍, ലേസര്‍ ചികിത്സ പോലുള്ള നിരവധി ചികിത്സകളും ഇന്ന് ലഭ്യമാണ്. കൂടാതെ അര്‍ബുട്ടിന്‍, ലൈക്കോറൈസ് എക്‌സ്ട്രാക്റ്റ്, വിറ്റിമിന്‍ സി, നിയാസിനാമൈഡ് തുടങ്ങിയ ചേരുവകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മെലാനിന്റെ അമിത ഉല്‍പ്പാദനം തടയാന്‍ സഹായിക്കും.

ചര്‍മസംരക്ഷണ ദിനചര്യ

പ്രൊഫഷണല്‍ ചികിത്സകള്‍ കൂടാതെ ദൈനംദിനം പ്രത്യേക ചര്‍മസംരക്ഷ ദിനചര്യകളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ചർമസംരക്ഷണം ഒരു ദിനചര്യ മാത്രമല്ല. ഇത് ആന്തരിക ആരോഗ്യത്തിൻ്റെയും ക്ഷേമത്തിൻ്റെയും പ്രതിഫലനം കൂടിയാണ്. ശരിയായ ചർമസംരക്ഷണം ചർമത്തിൻ്റെ ആരോ​ഗ്യം നിലനിർത്താനും ഹൈപ്പർപിഗ്മെൻ്റേഷൻ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു.

  • ആഴ്ചയില്‍ ഒരു തവണ സ്‌ക്രബ് ചെയ്യാന്‍ നിര്‍ബന്ധമായും ശീലിക്കണം. ഇത് ചര്‍മത്തിലെ നിര്‍ജീവമായ കോശങ്ങളെ നീക്കി പുതിയ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. എന്നാല്‍ സ്‌ക്രബ് ചെയ്യുന്നത് അമിതമാകാതെ സൂക്ഷിക്കുക.
  • ഓറഞ്ച് പോലെ ബീറ്റാ കരോറ്റിനി അടങ്ങിയ സ്ട്രസ് പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വീക്കം കുറച്ച് ചര്‍മം മെച്ചപ്പെടുത്തും.
  • ചർമസംരക്ഷണത്തിന് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ആവശ്യമാണ്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • മദ്യപാനവും പുകവലിയും ചര്‍മത്തിന്‍റെ ആരോഗ്യം മോശമാക്കും. ഇത് പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്.

Be the first to comment

Leave a Reply

Your email address will not be published.


*