സ്‌കോഡ കൈലാഖ്; സാധാരണക്കാരുടെ കുഞ്ഞൻ എസ് യു വി

ഇന്ത്യൻ വാഹന വിപണിയിലേക്ക് ചെറു എസ് യു വിയായ കൈലാഖിനെ അവതരിപ്പിക്കുമ്പോൾ സ്കോഡയ്ക്ക് ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രീമിയം ബാൻഡ് എന്നതിൽ നിന്നും മാറി, ഇന്ത്യയിലെ സാധാരണക്കാരുടെയും കൈകളിൽ വാഹനമെത്തിക്കുക. വിലയിലും നിലവാരത്തിലും സൗകര്യങ്ങളിലും പെർഫോമൻസിലും ആ സെഗ്മെന്റിലെ ഇതര വാഹനങ്ങളെ കവച്ചു വയ്ക്കുന്ന തരത്തിൽ കൈലാഖ് എത്തിയപ്പോൾ ഇന്ത്യക്കാർ ആ വാഹനത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആവശ്യക്കാരുടെ എണ്ണം വർധിച്ചപ്പോൾ ബുക്കിങ് പോലും സ്കോഡയ്ക്ക് ഇടയ്ക്ക് നിർത്തിവെയ്ക്കേണ്ട സാഹചര്യമുണ്ടായി.

7.89 ലക്ഷത്തിനാണ് കൈലാഖിന്റെ ബേസ് വേരിയന്റ് ലഭിക്കുക. ഏപ്രിലിൽ വില വർധിപ്പിച്ചെങ്കിലും ഉപഭോക്താക്കളെ നിരാശപ്പെടുത്തുന്ന ഒരു വർധനവ് ആയിരുന്നില്ല അത്. എന്നാൽ ടോപ് എൻഡ് വേരിയന്റുകൾക്ക് 46000 രൂപ വരെയാണ് കുറിച്ചിരിക്കുന്നത്. കൈലാഖ് സ്വന്തമാക്കുന്ന ആദ്യത്തെ 33333 ഉപഭോക്താക്കൾക്ക് കമ്പനി മൂന്നു വർഷത്തേയ്ക്ക് സൗജന്യ സ്റ്റാൻഡേർഡ് മെയ്ന്റനൻസും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിൽ നാല് മാസം വരെ കാത്തിരുന്നാൽ മാത്രമേ എസ് യു വി സ്വന്തമാക്കാൻ കഴിയുകയുള്ളൂ. 

ഫോഗ്‌സ് വാഗൺ ഗോൾഫ് സുപ്പർഹിറ്റ് 1.0 ലീറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് കൈലാഖിനു കരുത്തേകുന്നത്. 999 സിസി എൻജിൻ 115 എച്ച്.പി കരുത്തും 178 എൻഎം പരമാവധി ടോർക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവൽ/6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ. പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലേക്ക് 10.5 സെക്കൻഡിൽ കുതിച്ചെത്തും. ഭാരത് എൻസിഎപി കാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടിയ എവിയാണ് സ്കോഡ കൈലാഖ്. കുട്ടികളുടെ സുരക്ഷയിൽ സാധ്യമായ 32ൽ 30.88 പോയിന്റും(97%) മുതിർന്നവരുടെ സുരക്ഷയിൽ 49ൽ 45 പോയിന്റും(92%) നേടിക്കൊണ്ടാണ് കൈലാഖ് 5 സ്റ്റാർ നേടിയിരിക്കുന്നത്.

സ്കോഡ കൈലാഖിന്റെ സിഗ്നേച്ചർ പ്ലസ് എന്ന വേരിയന്റ് 15000 രൂപ കുറവിൽ 11.25 ലക്ഷം രൂപയ്ക്ക് ഇപ്പോൾ സ്വന്തമാക്കാവുന്നതാണ്. നേരത്തെ 11.40 ലക്ഷം രൂപയായിരുന്നു ഈ വേരിയന്റിന് കമ്പനി നിശ്ചയിച്ചിരുന്ന വില. അതുപോലെ പ്രസ്റ്റീജ് പ്ലസ് എന്ന ഉയർന്ന മോഡലിനു 5000 രൂപ കുറച്ച് 12.35 ലക്ഷം രൂപയായി. കൈലാഖിന്റെ പ്രസ്റ്റീജ് എന്ന വേരിയന്റിന് 46000 രൂപയുടെ കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 13.35 ലക്ഷം രൂപയായിരുന്ന പ്രസ്റ്റീജ് ഇപ്പോൾ 12.89 ലക്ഷം രൂപ നൽകിയാൽ സ്വന്തമാക്കാം. പ്രസ്റ്റീജിന്റെ ഓട്ടോമാറ്റിക്കിന്റെ വിലയിലും കുറവുണ്ട്. 41000 രൂപ കുറവിൽ 13.99 ലക്ഷം രൂപയ്ക്ക് ഓട്ടോമാറ്റിക് വീട്ടിലെത്തിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*