കുടവയറാണോ നിങ്ങളുടെ പ്രശ്നം? മാറിയ ജീവിതശൈലിയും തൊഴിലിന്റെ സ്വഭാവവും ഭക്ഷണശീലവുമെല്ലാം കുടവയർ ഇങ്ങനെ കൂടുന്നതിന് കാരണമാകാം. കുടവയറും അമിതവണ്ണവും കുറയ്ക്കാൻ ജിമ്മിൽ മണിക്കൂറുകൾ ചെലവഴിച്ച് കഠിന വർക്കഔട്ടുകൾ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടിവരികയാണ്.
എന്നാൽ വ്യായാമത്തിനൊപ്പം, പരിഗണിക്കാതെ പോകുന്ന മറ്റൊന്നുണ്ട്. ഉറക്കശീലം. ഉറക്കക്കുറവ് ശരീരഭാര കൂടാനും അരക്കെട്ടിലെ വിസറൽ കൊഴുപ്പ് വർധിക്കാനും കാരണമാകുമെന്ന് സ്ലീപ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു. ഉറക്കം ശരിയായില്ലെങ്കിൽ ഊർജ്ജക്കുറവും മറ്റ് ആരോഗ്യപ്രശ്നങ്ങളും തുടർക്കഥയാകും.
കുടവയർ കുറയ്ക്കാൻ വ്യായാമവും ഡയറ്റും ശ്രദ്ധിക്കുന്നതിനൊപ്പം ദിവസവും എട്ട് മണിക്കൂർ ഉറങ്ങാനും ശ്രദ്ധിക്കണമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഉറക്കത്തിൽ ഒരു മണിക്കൂർ കുറഞ്ഞാൽ പോലും അരക്കെട്ടിലെ കൊഴുപ്പ് 12 ഗ്രാം വീതം വർധിക്കാൻ കാരണമാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്.
അതേസമയം, എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് അരക്കെട്ടിലെ കൊഴുപ്പിന്റെ കാര്യത്തിൽ പ്രത്യേകിച്ച് മാറ്റങ്ങൾ ഉണ്ടാക്കുന്നില്ലെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. മതിയായ ഉറക്കം ലഭിക്കാത്തത് തലച്ചോറിൻറെ അകാല വാർധക്യത്തിനും പെരുമാറ്റ ശീലങ്ങളിലെ വ്യതിയാനത്തിനും കാരണമാകാമെന്നും ഗവേഷകർ പറഞ്ഞു.



Be the first to comment