ഉറങ്ങാൻ കിടക്കുമ്പോൾ പ്രത്യേകിച്ച് ആരും കിടക്കുന്ന പൊസിഷനെ കുറിച്ച് ആശങ്കപ്പെടാറില്ല. എന്നാൽ ഉറങ്ങുമ്പോഴുള്ള ശരീരത്തിന്റെ പൊസിഷൻ ശരിയാകാതെ വന്നാൽ മരണം വരെ സംഭവിക്കാമെന്ന് വിദഗ്ധർ പറയുന്നു. പ്രത്യേകിച്ച് കമിഴ്ന്ന് കിടക്കുമ്പോൾ, ഈ ഉറക്ക പൊസിഷൻ ശ്വസനത്തിനും തലച്ചോറിലെ ഓക്സിജന്റെ സഞ്ചാരവും തടസപ്പെടുത്താം. ആരോഗ്യമുള്ള വ്യക്തിക്ക് ഇത് ബാധകമാകണമെന്നില്ല, എന്നാൽ പ്രായമായവർക്കും ചില ആരോഗ്യ പ്രശ്നങ്ങളുള്ളവരിലും ഇത് അപകടമാണ്.
ഏറ്റവും അപകടകരമായ സ്ലീപ്പിങ് പൊസിഷൻ
കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് സുഖകരമായി തോന്നാമെങ്കിലും പഠനങ്ങൾ ആ രീതിയെ അത്ര സപ്പോർട്ട് ചെയ്യുന്നില്ല. ഇത് നിങ്ങളുടെ കഴുത്തിനും നട്ടെല്ലിനും സമ്മർദം ഉണ്ടാക്കുകയും ശ്വാസകോശ ശേഷിയെ ബാധിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. കുഞ്ഞുങ്ങൾ ഇത്തരത്തിൽ അമിതമായി ഉറങ്ങുന്നത് തലച്ചോറിലേക്കുള്ള ഓക്സിജൻ സഞ്ചാരം തടസപ്പെടുത്താനും പെട്ടെന്ന് മരണപ്പെടാനും കാരണമാകും. ഉറക്കത്തിൽ നെഞ്ചിലോ വയറിലോ ഉണ്ടാകുന്ന കംപ്രഷൻ കാലക്രമേണ തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കുറയ്ക്കും.
ഉറങ്ങുമ്പോഴും തലച്ചോറിന് ഓക്സിജൻ ആവശ്യമാണ്
ശരീരം വിശ്രമിക്കുമ്പോൾ തലച്ചോറ് ഗ്ലിംഫാറ്റിക് സിസ്റ്റം വഴി മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. മെച്ചപ്പെട്ട രക്തയോട്ടം സംഭവിക്കുമ്പോഴാണ് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുകയെന്ന് എൻഐഎച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. മോശം പോസിഷൻ, ശ്വാസനാള തടസം സംഭവിക്കുന്നത് തലച്ചോറിലെ മാലിന്യം നീക്കം ചെയ്യുന്നത് മന്ദഗതിയിലാക്കുകയും ഓക്സിജൻ വിതരം കുറയ്ക്കുകയും ചെയ്യും. ഇവ രണ്ടും ശ്രദ്ധ, ഓർമകളുടെ ഏകീകരണം, തലച്ചോറിന്റെ ആരോഗ്യം എന്നിവയെ ബാധിക്കുന്നതാണ്. കമിഴ്ന്ന് കിടക്കുന്നത് നടുവേദനയും കഴുത്ത് വേദനയും മാത്രമല്ല, തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിക്കാം.
സുരക്ഷിതമായ ഉറക്ക പൊസിഷനുകൾ
- വശം ചരിഞ്ഞു ഉറങ്ങുക; ഇത് നട്ടെല്ലിനെ കൂടുതൽ നിഷ്പക്ഷമായി നിലനിർത്തുകയും വായുസഞ്ചാരത്തെ തടസപ്പെടുത്തുകയുമില്ല.
- നേരെ കിടക്കുക; ഇത് നട്ടെല്ലിന് നല്ലൊരു പൊസിഷൻ നൽകുന്നു.
നല്ല ഉറക്കത്തിന് ചില ടിപ്സ്
- വശങ്ങളിലായി ഉറങ്ങുന്നവർക്ക് കാൽമുട്ടുകൾക്കിടയിൽ ഒരു തലയിണ വയ്ക്കുന്നത് ഇടുപ്പ് നിരപ്പായി നിലനിർത്താൻ സഹായിക്കും.
- കൂർക്കംവലി അല്ലെങ്കിൽ സ്ലീപ്-ആപ്നിയ ഉള്ളവർ വശത്തേക്ക് അല്ലെങ്കിൽ പകുതി ഉയർത്തിയ പുറകിലേക്ക് ഉറങ്ങുന്നത് ഗുണം ചെയ്യും.
- ഉറങ്ങുമ്പോൾ കനം കുറഞ്ഞ തലയിണ ഉപയോഗിക്കുന്നതാണ് മികച്ച തിരഞ്ഞെടുപ്പ്. വലിയ തലയിണകൾ ഒഴിവാക്കുക.
- മെച്ചപ്പെട്ട ഉറക്കത്തിന് ഗുണനിലവാരമുള്ള മെത്ത തിരഞ്ഞെടുക്കുക. ഇത് നട്ടെല്ല് വേദന, കഴുത്ത വേദന അനുഭവിക്കുന്നവർക്ക് നല്ലതാണ്.
- സ്ഥിരമായ ഉറക്കസമയം പാലിക്കുക, കിടക്കുന്നതിന് രണ്ട്-മൂന്ന് മണിക്കൂർ മുമ്പ് കനത്ത ഭക്ഷണവും കഫീനും ഒഴിവാക്കുക.
- ഓക്സിജൻ വിതരണം സ്ഥിരമായി ഉറപ്പാക്കാൻ കിടപ്പുമുറിയിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുക.



Be the first to comment