ഫോട്ടോകളും വിഡിയോകളും സൂക്ഷിക്കാനായി ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കാനൊരുങ്ങി സ്‌നാപ്പ്ചാറ്റ് . പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അഞ്ച് ജി ബി യ്ക്ക് മുകളിൽ സ്റ്റോറേജ് ഉള്ളവർ പണം നൽകേണ്ടതായി വരും. 2016 ൽ സ്നാപ്ചാറ്റ് മെമ്മറീസ് ഫീച്ചർ പുറത്തിറക്കിയിരുന്നു . ഈ ഫീച്ചർ വഴി ഉപയോക്താക്കൾ മുൻപ് അയച്ചിരുന്ന വിഡിയോസും ഫോട്ടോസും സൂക്ഷിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇനി മുതൽ ഈ സേവനങ്ങൾ ലഭ്യമാകാൻ പണം നൽകേണ്ടി വരുമെന്നാണ് കമ്പനി പറയുന്നത്.
മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളാണ് പുതിയ പ്ലാനുകളിൽ ഉള്ളത്. 100 GB, 256 GB, 5TB സ്റ്റോറേജ് എന്നിങ്ങനെയാണ് പുതിയ സ്റ്റോറേജ് ഓപ്ഷനുകൾ. സ്റ്റോറേജ് ലഭിക്കാനായി എത്ര രൂപയുടെ പ്ലാനുകളാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത് എന്നതിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉപയോക്താക്കളുടെ മെമ്മറീസ് 5ജിബി-യിൽ കൂടുതൽ ആണെങ്കിൽ 100 ജിബി സ്റ്റോറേജ് പ്ലാനിലേക്ക് അവർ അപ്‌ഗ്രേഡ് ചെയ്യേണ്ടി വരും. കമ്പനിയുടെ ഈ പുതിയ തീരുമാനം ഉപയോക്താക്കൾക്കിടയിൽ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.



Be the first to comment