
ആലപ്പുഴ: ശബരിമലയിലെ ആചാരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റം എന്‍എസ്എസിന് ബോധ്യപ്പെട്ടുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പണ്ടുണ്ടായിരുന്ന സ്ത്രീ പ്രവേശനമെന്ന ഐഡിയ സര്‍ക്കാര്‍ ഉപേക്ഷിച്ചെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ഇക്കാര്യം ദേവസ്വം മന്ത്രി അടക്കം ചെന്ന് ഉറപ്പു കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ആ വിഷയത്തില്‍ എന്‍എസ്എസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. എന്‍എസ്എസിന്റെ നിലപാട് വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു
എന്‍എസ്എസിന്റേത് വിഷയാധിഷ്ഠിത നിലപാടാണ്. അല്ലാതെ എല്ലാത്തിനേയും എതിര്‍ക്കുകയായിരുന്നില്ല ചെയ്തിരുന്നത്. ഓരോ വിഷയം വരുമ്പോള്‍ എന്‍എസ്എസ് ചിലതിനോട് യോജിക്കും. ചിലതിനോട് വിയോജിക്കും. അത് സ്വാഭാവികമാണ്. ഞങ്ങളും അങ്ങനെയൊക്കെത്തന്നെയാണ്. ആചാരങ്ങള്‍ നടപ്പാക്കാതെ, യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോള്‍ എന്‍എസ്എസ് ശക്തമായി എതിര്‍ത്തു. ആ എതിര്‍പ്പ് എല്ലാ തലങ്ങളിലും അറിയിച്ചു. പഴയ നിലപാടില്‍ നിന്നും മാറിയെന്നും, ആചാരം അനുസരിച്ച നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീ പ്രവേശനമെന്ന പഴയ നിലപാട് സര്‍ക്കാര്‍ ഉപേക്ഷിച്ചെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് എന്‍എസ്എസ് സര്‍ക്കാരിനെ പിന്തുണച്ചത്.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് സര്‍ക്കാരിനെ വിശ്വസിക്കുന്നു എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതിനര്‍ത്ഥം എല്ലാക്കാര്യത്തിലും വിശ്വസിക്കണമെന്നില്ല. ആദ്യം സ്ത്രീ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും പിന്നീടുള്ള കാലങ്ങളില്‍ സ്ത്രീ പ്രവേശനത്തിനുള്ള സമ്മര്‍ദ്ദം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ശബരിമലയില്‍ പഴയ ആചാരങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായത് ജനവികാരം മനസ്സിലാക്കിക്കൊണ്ടാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ ആചാരങ്ങള്‍ നടപ്പാക്കണം എന്നാണ് എന്‍എസ്എസ് ആവശ്യപ്പെട്ടിരുന്നത്. എസ്എന്‍ഡിപിയുടേയും അതേ നിലപാടാണ്. ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം എന്ന ആശയം സിപിഎം ഉപേക്ഷിച്ചു. അതുകൊണ്ടു തന്നെ സര്‍ക്കാരിനെ എതിര്‍ക്കേണ്ടതില്ല. അക്കാര്യം പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ശരി ആരു പറഞ്ഞാലും അതിനൊപ്പമാണ് നില്‍ക്കേണ്ടത്. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാടിനെ തങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. ആചാരം പൂര്‍ണമായും പാലിക്കണമെന്നു തന്നെയാണ് എസ്എന്‍ഡിപിയും ആവശ്യപ്പെട്ടിട്ടുള്ളത്.
സര്‍ക്കാര്‍ എപ്പോഴും എന്‍എസ്എസിന് എതിരായിരുന്നു എന്നു പറയാന്‍ സാധിക്കില്ല. മുന്നാക്ക സംവരണം അടക്കമുള്ള വിഷയങ്ങളില്‍ എന്‍എസ്എസിന്റെ വാക്ക് സര്‍ക്കാര്‍ കേട്ടില്ലേ. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ല. എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാത്ത നിലപാടാണ്. അക്കാര്യത്തില്‍ ജി സുകുമാരന്‍ നായര്‍ പറഞ്ഞത് ശരിയാണ്. തന്റെ വീട്ടില്‍ കോണ്‍ഗ്രസുകാര്‍ വരുന്നില്ല എന്നതില്‍ അശേഷം പിണക്കമില്ല. വരാതിരിക്കുന്നതില്‍ സന്തോഷമാണുള്ളത്. തന്നെ ജയിലിലാക്കാന്‍ നോക്കിയവരാണ് കോണ്‍ഗ്രസുകാര്‍. തന്റെ വീട്ടില്‍ വരരുതെന്ന് കെപിസിസി വിലക്കിയിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്‍എസ്എസിന്റെ നിലപാട് വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണം ചെയ്യും. കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും സര്‍ക്കാരിനെയും സംബന്ധിച്ചിടത്തോളം ഒരു ആള്‍ക്കൂട്ടം ഉണ്ടാക്കണണെങ്കില്‍ അതിന് അവരെ ആരും പറഞ്ഞുപഠിപ്പിക്കേണ്ടതില്ല. നിമിഷം കൊണ്ട് എത്ര ആയിരം ആളുകളെ അവിടെ കൂട്ടാനുള്ള ശക്തിയും സംഘടനാശേഷിയുമുണ്ട്. പമ്പയില്‍ പരിപാടി സംഘടിപ്പിച്ചത് ആളുകള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പരിപാടിയുടെ സംഘാടനത്തില്‍ ഭാവനാപരമായ ചിന്തയില്‍ അല്പം അപകതയുണ്ടായിയെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
Be the first to comment