
നിരവധി വിസ്മയങ്ങൾക്കാണ് ഓരോ വർഷവും ആകാശം സാക്ഷ്യം വഹിക്കുന്നത്. ഈ വർഷത്തെ അവാസാനത്തെ സൂര്യഗ്രഹണം സംഭവിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ പറയുന്നതനുസരിച്ച് നാളെയാണ് (സെപ്റ്റംബർ 21) ഭാഗിക സൂര്യഗ്രഹണം നടക്കുക.
ആകാശത്ത് ഏതാനും മണിക്കൂറുകൾ മാത്രമാണ് സൂര്യഗ്രഹണം ദൃശ്യമാവുക. പൂർണ ഗ്രഹണത്തെപ്പോലെ ഭൂമിയെ പൂർണമായും ഇരുട്ടിലാക്കിയില്ലെങ്കിലും മനോഹരമായ കാഴ്ചയാണിത്. എന്താണ് ഭാഗിക സൂര്യഗ്രഹണമെന്നും എവിടെയൊക്കെ, ഏത് സമയത്ത് ദൃശ്യമാകുമെന്നും നോക്കാം.
എന്താണ് സൂര്യഗ്രഹണം?
സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കൂടിയാണിത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ചന്ദ്രന്റെ ചലനം മൂലമുണ്ടാകുന്ന സൂര്യഗ്രഹണം ഒരു പ്രധാന ജ്യോതിശാസ്ത്ര സംഭവമായും കണക്കാക്കപ്പെടുന്നു.
എന്താണ് ഭാഗിക സൂര്യഗ്രഹണം?
ഭൂമിക്കും സൂര്യനും ഇടയിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം നടക്കുന്നത്. ഈ സമയത്ത് സൂര്യപ്രകാശത്തെ ഭാഗികമായി ചന്ദ്രൻ മറയ്ക്കും. സൂര്യന്റെ കുറച്ച് ഭാഗം മാത്രമേ ചന്ദ്രൻ മറയ്ക്കൂ എന്നതിനാലാണ് ഇതിനെ ഭാഗിക സൂര്യഗ്രഹണം എന്ന് വിളിക്കുന്നത്. ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കാത്തതിനാൽ തന്നെ ചന്ദ്രക്കലയുടെ ആകൃതിയിലായിരിക്കും ഭൂമിയിലുള്ളവർക്ക് ദൃശ്യമാവുക.
ഇന്ത്യയിൽ ദൃശ്യമാകുമോ?
നാസ പറയുന്നതനുസരിച്ച് സെപ്റ്റംബർ 21ന് നടക്കാനിരിക്കുന്ന ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. ചന്ദ്രന്റെ നിഴലിന്റെ പാത ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മറയ്ക്കാത്തത് കാരണമാണ് സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകാത്തത്.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, വടക്കേ അമേരിക്ക, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെ വടക്കൻ അർധഗോളത്തിന് പുറത്തുള്ള പല പ്രദേശങ്ങളും ഈ ഗ്രഹണത്തിന് സാക്ഷ്യം വഹിക്കില്ല. ഈ പ്രദേശങ്ങൾ ദൃശ്യപരത പരിധിക്ക് പുറത്താണെങ്കിലും തത്സമയ സ്ട്രീമിങ് ഓൺലൈനായി കാണാൻ സാധിക്കും. ന്യൂസിലൻഡ്, കിഴക്കൻ മെലനേഷ്യ, തെക്കൻ പോളിനേഷ്യ, പടിഞ്ഞാറൻ അൻ്റാർട്ടിക്ക തുടങ്ങിയ രാജ്യങ്ങളിൽ പൂർണ സൂര്യഗ്രഹണം ദൃശ്യമാകും.
ദൃശ്യമാകുന്ന സമയം?
സെപ്റ്റംബർ 21 ന് ഇന്ത്യൻ സമയം രാത്രി 10:59 ന് ഗ്രഹണം ആരംഭിക്കുകയും, ഇന്ത്യൻ സമയം പുലർച്ചെ 1:11 ന് പൂർണ രൂപത്തിൽ എത്തുകയും, ഇന്ത്യൻ സമയം പുലർച്ചെ 3:23 ന് അവസാനിക്കുകയും ചെയ്യും.
അടുത്തത് എപ്പോൾ?
2027 ഓഗസ്റ്റ് 2 നായിരിക്കും ഇന്ത്യ അടുത്ത സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുക. ആ ദിവസം, ഉച്ചകഴിഞ്ഞും വൈകുന്നേരവും രാജ്യത്ത് ഒരു ഭാഗിക സൂര്യഗ്രഹണം സംഭവിക്കും എന്നാണ് പ്രവചനം. ചന്ദ്രനു പിന്നിൽ സൂര്യൻ ഭാഗികമായി മറയും.
സൂര്യഗ്രഹണം എങ്ങനെ കാണാം? എടുക്കേണ്ട മുൻകരുതലുകൾ
സൂര്യഗ്രഹണം നഗ്ന നേത്രങ്ങള്‍ കൊണ്ട് നോക്കരുത്. ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ടു നോക്കിയാല്‍ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. താത്കാലികമായ കാഴ്ചക്കുറവ് മുതല്‍ സ്ഥിരമായ അന്ധതയ്ക്ക് വരെ അത് കാരണമായേക്കാം. അതുകൊണ്ടു കൂടിയാണ് സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങരുത് എന്നു പറയുന്നത്.
അതിനാൽ തന്നെ സൂര്യഗ്രഹണം കാണണമെങ്കിൽ ഇതിനായുള്ള കണ്ണടകള്‍ ഉപയോഗിക്കണം. സാധാരണ കൂളിങ് ഗ്ലാസുകള്‍ പാടില്ല. സേഫ് സോളാര്‍ വ്യൂവിങ് ഗ്ലാസുകള്‍ ആണ് വേണ്ടത്. ഐഎസ്ഒ 123122 രാജ്യാന്തര ഗുണനിലവാരം ഉള്ളതായിരിക്കണം.
ഗ്രഹണം നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവര്‍ സൂര്യനെ നോക്കുമ്പോൾ സോളാര്‍ ഫില്‍ട്ടറുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കിൽ പിന്‍ഹോള്‍ പ്രൊജക്ടര്‍ പോലെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം. ഇത് സൂര്യന്റെ ഒരു ചിത്രം അടുത്തുള്ള ഒരു പ്രതലത്തിലേക്ക് പ്രതിഫലിപ്പിക്കും. അതുവഴി, സൂര്യരശ്മികള്‍ നേരിട്ട് കണ്ണില്‍ പതിക്കാതെ കാണാനാകും.
Be the first to comment